Share this Article
Union Budget
മന്ത്രി VN വാസവൻ ബിന്ദുവിന്റെ വീട്ടിലെത്തി; ആശ്വാസ ധനം കൈമാറി,മകൾക്ക് സൗജന്യ ചികിത്സ, മകന് താത്കാലിക ജോലി
വെബ് ടീം
8 hours 8 Minutes Ago
1 min read
VN VASAVAN

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിടം തകര്‍ന്നുവീണ് മരിച്ച ബിന്ദുവിന്റെ വീട്ടില്‍ മന്ത്രി വി.എന്‍.വാസവനും ജില്ലാ കളക്ടര്‍ അടക്കമുള്ളവരും സന്ദര്‍ശനം നടത്തി. സഹോദരിയുടെ വീട്ടിലുള്ള ബിന്ദുവിന്റെ മകളെയും കണ്ട് മന്ത്രി ആശ്വസിപ്പിച്ചു. കുടുംബത്തെ ആശ്വസിപ്പിച്ച മന്ത്രി താത്കാലിക ധനസഹായം ബിന്ദുവിന്റെ അമ്മയ്ക്ക് കൈമാറി. നേരത്തെ ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരണത്തില്‍ അറിയിച്ചിരുന്നു. 

മെഡിക്കല്‍ കോളേജിന്റെ എച്ച്ഡിഎസ് ഫണ്ടില്‍നിന്നുള്ള 50000 രൂപയാണ് അടിയന്തരമായി കൈമാറിയയെന്ന് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. മന്ത്രിസഭാ യോഗത്തിന് ശേഷം സര്‍ക്കാരിന്റെ ധനസഹായം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഇന്ന് റിപ്പോര്‍ട്ട് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി.'നാല് കാര്യങ്ങളാണ് കുടുംബം മുന്നോട്ട് വെച്ചത്. ബിന്ദുവിന്റെ മകളുടെ ചികിത്സയാണ് കുടുംബം മുന്നോട്ട് വെച്ച പ്രധാന കാര്യങ്ങളിലൊന്ന്. അത് പൂര്‍ണ്ണമായും സര്‍ക്കാര്‍ സൗജന്യമായി ഉറപ്പാക്കും. മകന് താത്കാലി ജോലി നല്‍കാനും തീരുമാനിച്ചു. സ്ഥിര ജോലി സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. കുടുംബം മുന്നോട്ട് വെച്ച മറ്റു രണ്ട് കാര്യങ്ങള്‍ സാമ്പത്തിക ധനസഹായമാണ്. താത്കാലിക ധനസഹായം ഇപ്പോള്‍ നല്‍കി. വലിയ ധനസഹായം മന്ത്രിസഭ ചേര്‍ന്ന് തീരുമാനിക്കും' മന്ത്രി വാസവന്‍ അറിയിച്ചു.തകര്‍ന്ന കെട്ടിടത്തില്‍നിന്ന് രണ്ടേകാല്‍ മണിക്കൂറിന് ശേഷമാണ് ബിന്ദുവിന്റെ മൃതദേഹം കണ്ടെടുക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തില്‍ വന്ന വീഴ്ചയില്‍ ആരോഗ്യമന്ത്രിക്കും വകുപ്പിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും ഉയരുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള നടപടികളുണ്ടാകുന്നത്.മന്ത്രി വി.എന്‍.വാസവനൊപ്പം ജില്ലാ കളക്ടറും കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട്, പ്രിന്‍സിപ്പല്‍ തുടങ്ങിയവരും ഉണ്ടായിരുന്നു. അതേസമയം രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും അപകടം നടന്ന ഉടനെ ജെസിബി കൊണ്ടുവരാന്‍ നിര്‍ദേശം നല്‍കിയിരുന്നതായും മന്ത്രി  പറഞ്ഞു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories