ട്രെയിനിൽ നിന്ന് 19 കാരിയായ യുവതിയെ തള്ളിയിട്ട സംഭവത്തിൽ പ്രതി സുരേഷ് കുമാറിനെതിരെ വധശ്രമത്തിന് തമ്പാനൂർ റെയിൽവേ പൊലീസ് കേസെടുത്തു. യുവതിയെ മനപ്പൂർവം കൊല്ലാൻ ശ്രമിച്ചെന്നാണ് എഫ്ഐആറിൽ പറയുന്നത്. യുവതിയുടെ സഹയാത്രികയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ട്രെയിനിൽ വാതിലിന് അടുത്തുള്ള യുവതി മാറിനിൽക്കാത്തതിന്റെ വൈരാഗ്യത്താലാണ് പ്രതി സുരേഷ് കുമാർ യുവതിയെ ട്രെയിനിൽ നിന്ന് പുറത്തേക്ക് ചവിട്ടിത്തള്ളിയത്. ഈ സമയത്ത് ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ യുവതിക്ക് ശരീരത്തിലും മനസ്സിനും വലിയ ആഘാതമേറ്റതായി പൊലീസ് പറഞ്ഞു.
തമ്പാനൂർ റെയിൽവേ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടതിന് ശേഷം യുവതിയുടെ മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം മാത്രമേ തുടർ ചികിത്സാ രീതികളെക്കുറിച്ച് തീരുമാനമെടുക്കാൻ കഴിയൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനുകളിൽ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. ട്രെയിനുകളിൽ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തിപ്പെടുത്തണമെന്നും അവർ ആവശ്യപ്പെട്ടു.