കോഴിക്കോട് പേരാമ്പ്രയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പേരാമ്പ്ര മുതുകാട് എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളി ബാബുവിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള മുതുകാട് എസ്റ്റേറ്റിലാണ് കാട്ടാന ആക്രമണം നടന്നത്. എസ്റ്റേറ്റിൽ ഇറങ്ങിയ ആനയെ പടക്കം പൊട്ടിച്ച് ഓടിക്കുന്നതിനിടെ ടാപ്പിംഗ് തൊഴിലാളികളായ ബാബുവിനും ബിനുവിനും നേരെ തിരിയുകയായിരുന്നു. കുതറി ഓടിയ ബാബുവിനെ ആന പിന്നാലെയെത്തി തട്ടി വീഴ്ത്തി ചവിട്ടുകയായിരുന്നു. ബാബുവിൻ്റെ വാരിയെല്ലുകൾ തകർന്ന് ശ്വാസകോശത്തിൽ കയറിയിട്ടുണ്ട്. പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ എസ്റ്റേറ്റിൽ നേരത്തെയും കാട്ടാന ആക്രമണം ഉണ്ടായിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ബാബുവിനെ സി. ടി.സ്കാനിങ്ങിന് ഉൾപ്പെടെ വിധേയനാക്കി.