Share this Article
News Malayalam 24x7
പാലാ നഗരസഭയിൽ നിന്ന് കാണാതായ എയർപോഡ്സ് കണ്ടെത്തി; എത്തിച്ചതാരെന്ന് വെളിപ്പെടുത്താനാകില്ലെന്ന് പൊലീസ്,വിവാദം
വെബ് ടീം
posted on 19-05-2024
1 min read
jose-cheeramkuzhi-airpods-had-delivered-to-the-pala-police-station

കോട്ടയം: പാലാ നഗരസഭയിൽ നിന്ന് കാണാതായ വിവാദ എയർപോഡ്സ് തിരികെ കിട്ടിയതായി പാലാ പൊലീസ്. എയർപോഡ്സ് സ്റ്റേഷനിൽ എത്തിച്ചത് ആരെന്ന് വെളിപ്പെടുത്താനാകില്ലെന്നാണ് പൊലീസ് പറയുന്നത്. സിപിഐഎം കൗൺസിലറായ ബിനു പുളിക്കക്കണ്ടം എയർപോഡ്സ് മോഷ്ടിച്ചെന്നായിരുന്നു കേരള കോൺഗ്രസ് എം കൗൺസിലറായ ജോസ് ചീരംകുഴിയുടെ പരാതി.

കേസില്‍ നഗരസഭയിലെ സിപിഐഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടത്തിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസിനു മേല്‍ മാണി ഗ്രൂപ്പിലെ ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കി. ഇതിനിടെ എഫ്ഐആര്‍ തന്നെ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനു പുളിക്കക്കണ്ടം ഹൈക്കോടതിയെ സമീപിച്ചു.

ലോക്സഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ സ്വിച്ചിട്ട പോലെ അണഞ്ഞ എയർപോഡ്സ് മോഷണ വിവാദമാണ് തിരഞ്ഞെടുപ്പിനു പിന്നാലെ മാണി ഗ്രൂപ്പ് ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നത്. തന്‍റെ എയർപോഡ്സ് നഗരസഭ കൗണ്‍സില്‍ ഹാളില്‍ വച്ച് സിപിഐഎം കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം മോഷ്ടിച്ചു എന്നായിരുന്നു മാണി ഗ്രൂപ്പ് കൗണ്‍സിലര്‍ ജോസ് ചീരാങ്കുഴിയുടെ പരാതി. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ജോസ് പാലാ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് ആദ്യം കേസ് എടുത്തിരുന്നില്ല.

പിന്നീട് മാര്‍ച്ച് ആറിന് ബിനു പുളിക്കക്കണ്ടത്തിനെതിരെ കേസെടുത്തു. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പ് എത്തിയതോടെ കേസെടുത്ത വിവരം പോലും മറച്ചു വച്ച മാണി ഗ്രൂപ്പ് തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെ വിഷയം കടുപ്പിക്കുകയാണ്.അപകടം തിരിച്ചറിഞ്ഞാണ് എഫ്ഐആര്‍ തന്നെ റദ്ദാക്കാനുളള അപേക്ഷയുമായി ബിനു പുളിക്കക്കണ്ടം ഹൈക്കോടതിയെ സമീപിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories