Share this Article
KERALAVISION TELEVISION AWARDS 2025
മഞ്ഞുമലയിൽ നിന്ന് മണ്ണിലേക്ക് മടക്കയാത്ര; 56 വര്‍ഷംമുമ്പ് വിമാനം തകര്‍ന്ന് മരിച്ച തോമസ് ചെറിയാന് സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍, അന്ത്യവിശ്രമം
വെബ് ടീം
posted on 04-10-2024
1 min read
thomas cheriyan

പത്തനംതിട്ട: ഹിമാചല്‍പ്രദേശിലെ മഞ്ഞുമലയില്‍നിന്ന് കാലങ്ങള്‍ താണ്ടി ബന്ധുക്കള്‍ക്കടുത്തെത്തിയ മലയാളി സൈനികന്‍ ഇലന്തൂര്‍ ഈസ്റ്റ് ഒടാലില്‍ പുത്തന്‍ വീട്ടില്‍ തോമസ് ചെറിയാന് പൂര്‍ണ സൈനികബഹുമതികളോടെ വിട. നാടിന്റെ മുഴുവന്‍ ആദരവേറ്റുവാങ്ങിയായിരുന്നു തോമസ് ചെറിയാന്റെ അന്ത്യയാത്ര.  56 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഉള്ളില്‍ ഘനീഭവിച്ച കണ്ണുനീര്‍ ഉറ്റവരുടെ ഉള്ളില്‍ വീണുനനഞ്ഞു.

കാരൂര്‍ സെയ്ന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് തോമസ് ചെറിയാന് അന്ത്യവിശ്രമം. കുടുംബകല്ലറയില്‍ തോമസ് ചെറിയാനെ സംസ്‌കരികരിക്കണമെന്നായിരുന്നു കുടുബാംഗങ്ങളുടെ ആഗ്രഹം. എങ്കിലും രാജ്യസേവനത്തിനിടെ മരിച്ച സൈനികന് പ്രത്യേക ആദരം എന്ന നിലയില്‍ സെമിത്തേരിയിൽ നിന്ന് മാറി അന്ത്യവിശ്രമസ്ഥലമൊരുക്കാന്‍ പള്ളിക്കമ്മിറ്റി പ്രത്യേകയോഗം ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു. മദ്ബഹയ്ക്ക് പിന്നിലായാണ് തോമസ് ചെറിയാന് അന്ത്യനിദ്രയ്ക്കുള്ള പ്രത്യേകസ്ഥലം സജ്ജമാക്കിയത്.റോത്താങ് മേഖലയില്‍ 1968-ലാണ് വിമാനാപകടം ഉണ്ടായത്. 

56 വര്‍ഷത്തിനുശേഷം കണ്ടെത്തിയ, അന്ന് 26-കാരനായ തോമസ് ചെറിയാന്റെ മൃതദേഹം ഇപ്പോള്‍ 73 വയസ് പ്രായമായ അനുജന്‍ തോമസ് തോമസാണ് ഏറ്റുവാങ്ങിയത്. വിമാനം തകര്‍ന്നുവീണ നാള്‍മുതല്‍ തുടരുന്ന പര്യവേക്ഷണങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് തോമസ് ചെറിയാന്‍ ഉള്‍പ്പെടെ നാലുപേരുടെ മൃതദേഹം കണ്ടെടുത്തത്. 2019-ല്‍ അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 18-ാം വയസ്സില്‍ സൈന്യത്തില്‍ ചേര്‍ന്ന തോമസ് ചെറിയാന്‍ ക്രാഫ്റ്റ്‌സ്മാനായി ലഡാക്കിലായിരുന്നു ആദ്യസേവനം. ലഡാക്കില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദുരന്തം.അന്നുമുതല്‍ കുടുംബം കാത്തിരുന്നു. അച്ഛന്‍ ഒ.എം. തോമസും അമ്മ ഏലിയാമ്മയും മരണത്തെക്കാള്‍ വലിയ അനിശ്ചിത്വത്തില്‍ കഴിയുകയായിരുന്നു. അച്ഛനും അമ്മയും മരിച്ചുകഴിഞ്ഞപ്പോള്‍ മൂന്നു സഹോദരങ്ങളുടേതായി ആ കാത്തിരിപ്പ്. ''ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ചായിരുന്നു ചേട്ടനെ അവസാനമായി കണ്ടത്. ഹരിദ്വാര്‍ ബി.എച്ച്.ഇ.എല്ലില്‍ ജോലി ലഭിച്ച എന്നെ യാത്രയാക്കാന്‍ വന്നതായിരുന്നു അവധിക്കെത്തിയ ചേട്ടന്‍'' -അനുജന്‍ തോമസ് തോമസ് ഓര്‍ത്തു. അതുപറയുമ്പോഴും 26-കാരനായ ചേട്ടന്‍ അതേപ്രായത്തിലെന്നപോലെ ശവപ്പെട്ടിക്കുള്ളില്‍ ഉറങ്ങിക്കിടന്നു.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ബന്ധുക്കളും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും മന്ത്രിമാരും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി വീണാ ജോര്‍ജ്, പാങ്ങോട് സൈനികക്യാമ്പ് മേധാവി ബ്രിഗേഡിയര്‍ എം.പി. സലീല്‍, വ്യോമസേനാ താവളസ്റ്റേഷന്‍ ഡയറക്ടര്‍ ക്യാപ്റ്റന്‍ ടി.എന്‍. മണികണ്ഠന്‍, സൈനികക്ഷേമ ബോര്‍ഡ് ഡയറക്ടര്‍ ക്യാപ്റ്റന്‍ ഷീബ രവി തുടങ്ങിയവര്‍ അന്ത്യാഭിവാദ്യം അര്‍പ്പിച്ചു.സൈനികരുടെ ഗാര്‍ഡ് ഓഫ് ഓണറിനുശേഷം മൃതദേഹം പാങ്ങോട് സൈനികക്യാമ്പിലെ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ സൈനിക അകമ്പടിയോടെ പാങ്ങോട് സൈനിക ക്യാമ്പില്‍നിന്ന് മൃതദേഹം വെള്ളിയാഴ്ച രാവിലെ 10.30-ന് ഇലന്തൂര്‍ ചന്ത ജങ്ഷനില്‍ എത്തിച്ചു. ഇവിടെനിന്ന് സൈനിക അകമ്പടിയോടെ വീട്ടിലേക്ക് കൊണ്ടുപോയി. ചില പ്രത്യേകകാരണങ്ങളാല്‍ ഭൗതികശരീരം അടക്കം ചെയ്ത പെട്ടി അടച്ചുതന്നെയാണ് സൂക്ഷിച്ചത്.

വീട്ടിലെ ശുശ്രൂഷകള്‍ക്ക് കുറിയാക്കോസ് മാര്‍ ക്ലീമിസ് വലിയ മെത്രാപ്പൊലീത്ത കാര്‍മികത്വം വഹിച്ചു. 12.40-ന് കാരൂര്‍ സെയ്ന്റ് പീറ്റേഴ്‌സ് ഓര്‍ത്തഡോക്സ് പള്ളിയിലേക്ക് വിലാപ യാത്ര ആരംഭിച്ചു. ഒന്നുമുതല്‍ രണ്ടുവരെ പള്ളിയില്‍ പൊതുദര്‍ശനം നട്ന്നു. രണ്ടിന് ഡോ.ഏബ്രഹാംമാര്‍ സെറാഫിം മെത്രാപ്പൊലീത്തയുടെ കാര്‍മികത്വത്തില്‍ സംസ്‌കാരശുശ്രൂഷ നടന്നു. ഔദ്യോഗിക ബഹുമതികളോടെ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ ധീരജവാന് നൂറുകണക്കിനാളുകള്‍ അന്ത്യയാത്രാമൊഴിയേകി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories