Share this Article
KERALAVISION TELEVISION AWARDS 2025
പകിട പകിട 12; അന്യം നിന്നുപോയ പകിട കളിയെ ജനകീയമാക്കി 'നവോദയ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ്'
game of dice

അന്യം നിന്നുപോയ രാജകീയ വിനോദമായ പകിട കളിയെ പുതുതലമുറയ്ക്ക് കൈമാറി ജനകീയമാക്കുകയാണ് ഇടുക്കിയിലെ ഒരു ക്ലബ്ബ്. 

പഴയകൊച്ചറ നവോദയ ആർട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബാണ് പഴയ തലമുറയുടെ ഇഷ്ട  വിനോദത്തെ നിലനിർത്താനും പുതിയ തലമുറയിലേക്ക് പകർന്നു നൽകാനും മുന്നിട്ടിറങ്ങിയിട്ടുള്ളത്.

ഈ മലയോര ഗ്രാമത്തിൽ ഓരോ സായാഹ്നങ്ങളിലും ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു പറ്റം കായിക പ്രേമികൾ പകിട കളിക്ക് ആവേശ വേദി ഒരുക്കുകയാണ്.

പകിട കളി എന്ന വിനോദത്തിന് പൗരാണിക കാലം മുതൽ ഭാരതത്തിൽ പ്രചാരമുണ്ടായിരുന്നു. രണ്ട് പകിടകൾ കൈവെള്ളയിൽ ചേർത്തുവെച്ച് ഉരുട്ടി കളിക്കളത്തിലേക്ക് കറക്കിയിടുന്നു.

പകിട വീഴുന്നനുസരിച്ച്  കളങ്ങളിൽ കരുക്കൾ നീക്കി അടയാളപ്പെടുത്തിക്കൊണ്ടിരിക്കും. കേരളത്തിൽ തന്നെ അപൂർവ്വമായ പകിട കളിക്ക് പ്രത്യേക ടൂർണമെൻറ് നടത്തിയാണ് ക്ലബ്ബ് ആവേശക്കളമൊരുക്കുന്നത്.

 ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ചു വരുന്ന മത്സരത്തിൽ കളിക്കാരനും കരു നീക്കാനുള്ള സഹായിയും ഉൾപ്പെടുന്ന 32 ടീമുകളാണ് ഉള്ളത്. 

  വൈകിട്ട് ആറു മണി മുതലാണ് മത്സരങ്ങൾ നടന്നു വരുന്നത്. മുമ്പ് രണ്ട് പ്രദേശങ്ങൾ തമ്മിലുള്ള പകിട കളി മത്സരം നടത്തി വന്നിരുന്നു.

കുട്ടികൾ അടക്കമുള്ള പുതിയ തലമുറയിലേക്ക് ഈ രാജകീയ വിനോദത്തെ ചേർത്ത് നിർത്തുക എന്ന ഉത്തരവാദിത്വം ഭംഗിയായി നടപ്പാക്കുകയാണ് പഴയകൊച്ചറയിലെ പകിട വീരൻമാർ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories