കാഞ്ഞിരപ്പള്ളി: വൃദ്ധയെ മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ വീടിനോട് ചേർന്നുള്ള മഴവെള്ള സംഭരണിയിലാണ് വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തൈപറമ്പിൽ മേരിക്കുട്ടിയാണ് മരിച്ചത്. മക്കൾ വിദേശത്ത് പോയതിനെ തുടർന്ന് മേരിക്കുട്ടി ഒറ്റയ്ക്കായിരുന്നു താമസം.
തൊട്ടടുത്തുള്ള സഹോദരൻ്റെ വീട്ടിലാണ് മേരിക്കുട്ടി രാത്രി താമസിക്കാറ്. പുലർച്ചെ സ്വന്തം വീട്ടിലേയ്ക്ക് മടങ്ങുകയുമായിരുന്നു പതിവ്. മേരിക്കുട്ടിയെ കാണാതെ വന്നതോടെ നടത്തിയ തെരച്ചിലിലാണ് മഴവെള്ള സംഭരണിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മഴവെള്ള സംഭരണിയോട് ചേർന്ന് ലൈറ്ററും കണ്ടെത്തിയിട്ടുണ്ട്.വെള്ളമെടുക്കാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി വീണതാകാം എന്നാണ് കാഞ്ഞിരപ്പള്ളി പൊലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.