ആലുവ: മെട്രോ പില്ലറിന്റെ മുകളിൽ കുടുങ്ങിയ പൂച്ച ഒടുവിൽ എടുത്തുചാടി. അഗ്നിരക്ഷാ സേന ക്രെയിൻ ഉപയോഗിച്ച് മുകളിൽ കയറിയപ്പോൾ പൂച്ച താഴേക്ക് ചാടുകയായിരുന്നു. അഞ്ചു ദിവസങ്ങളായി പൂച്ച പില്ലറിൽ കുടുങ്ങി കിടക്കുകയായിരുന്നെന്ന് നാട്ടുകാർ പറഞ്ഞു.ആലുവ മെട്രോ സ്റ്റേഷനു സമീപം 29–ാം നമ്പർ പില്ലറിന്റെ മുകളിൽ പൂച്ചയെ കണ്ട നാട്ടുകാർ ആദ്യ ദിവസങ്ങളിൽ ഭക്ഷണം നൽക്കാൻ ശ്രമിച്ചിരുന്നു.
പില്ലറിന്റെ ഉയരത്തിൽ ഭക്ഷണമെത്തിക്കുന്നത് പരാജയപ്പെട്ടതോടെ ആദ്യം അനിമൽ റെസ്ക്യൂ ടീമിനെയാണ് വിവരം അറിയിച്ചത്. അവർ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ അഗ്നിരക്ഷാസേന രംഗത്തെത്തുകയായിരുന്നു. തുടർന്ന് ക്രെയിൻ എത്തിച്ച് പൂച്ചയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തുമ്പോഴാണ് പൂച്ച താഴേക്ക് ചാടിയത്.ഉയരത്തിൽ നിന്നുള്ള ചാട്ടത്തിൽ പരിക്ക് പറ്റിയ പൂച്ചയെ അനിമൽ റെസ്ക്യൂ ടീം പിടികൂടി ചികിത്സയ്ക്കായി കൊണ്ടുപോയി.