കൊച്ചി: ഭൂട്ടാനിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് വാഹനങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട് കസ്റ്റംസ് വിവിധ ജില്ലകളിൽ നടത്തുന്ന റെയ്ഡിന്റെ ഭാഗമായി, സംസ്ഥാനത്തുടനീളം 36 വാഹനങ്ങള്‍ പിടിച്ചെടുത്തതായി കസ്റ്റംസ്. മൂന്ന് സിനിമാ നടന്‍മാരുടേതുൾപ്പെടെ 35 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയതെന്ന് കസ്റ്റംസ് കമ്മിഷണര്‍ ടി.ടിജു അറിയിച്ചു.ഭൂട്ടാനിൽ നിന്നുള്ള ഇരുനൂറിലേറെ വാഹനങ്ങളാണ് കേരളത്തിൽ ഉള്ളത്.
ഇന്ത്യൻ ആർമിയുടെ വരെ ഡോക്യുമെൻ്റ്സ് കൃത്രിമമായി ഉണ്ടാക്കി. അങ്ങിനെയാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഭൂട്ടാനില്‍നിന്ന് വണ്ടി കൊണ്ടുവന്ന ശേഷം കൃത്രിമ രേഖകള്‍ ഉപയോഗിച്ചാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എംബസികള്‍, വിദേശകാര്യ മന്ത്രാലയങ്ങള്‍ അമേരിക്കന്‍ എംബസികള്‍ തുടങ്ങിയവയുടെ സീലുകളും മറ്റും ഇതിനായി കൃത്രിമമായി നിര്‍മിച്ചു. പരിവാഹന്‍ വെബ്‌സൈറ്റിലും കൃത്രിമം നടത്തിയെന്നും കസ്റ്റംസ് അറിയിച്ചു.
ദുല്‍ഖര്‍ സല്‍മാന്‍, പൃഥിരാജ്, അമിത് ചക്കാലക്കല്‍ എന്നീ നടന്‍മാരുടെ വീടുകളിലാണ് ഇന്ന് പരിശോധന നടത്തിയത്. പൃഥിരാജിന്റെ വാഹനങ്ങള്‍ ഒന്നും നിലവില്‍ പിടികൂടിയിട്ടില്ല. ദുല്‍ഖറിന്റെ രണ്ട് വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ടെന്ന് കമ്മിഷണര്‍ പറഞ്ഞു.നടന്മാരുടെ വീടുകൾക്കു പുറമെ കൊച്ചി, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ആഡംബര യൂസ്ഡ് കാർ ഷോറൂമുകളിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.നടന്‍മാരടക്കമുള്ളവര്‍ക്കെല്ലാം സമന്‍സ് കൊടുക്കും. മൊഴിയെടുക്കുകയും ചെയ്യും. ഉടമകള്‍ നേരിട്ട് ഹാജരായി രേഖകള്‍ കാണിക്കേണ്ടി വരും.