ആഗോള അയ്യപ്പ സംഗമത്തിന് മുന്നോടിയായി പമ്പയിൽ വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഭക്തർക്കായി ജർമ്മൻ മാതൃകയിലുള്ള ശീതീകരിച്ച പന്തലുകളും മറ്റ് സൗകര്യങ്ങളും നിർമ്മിച്ചുവരികയാണ്.
3000 പേർക്ക് ഇരിക്കാൻ കഴിയുന്ന ഒരു പ്രധാന പന്തലും രണ്ട് ചെറിയ പന്തലുകളുമാണ് പമ്പയിൽ തയ്യാറാക്കുന്നത്. 2018-ലെ പ്രളയത്തിൽ തകർന്ന രാമമൂർത്തി മണ്ഡപം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് പ്രധാന പന്തൽ ഒരുങ്ങുന്നത്. ചൂട് കുറയ്ക്കുന്നതിനായി മേൽക്കൂരയിൽ പ്രത്യേക സംവിധാനങ്ങളും പന്തലുകൾ ശീതീകരിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉണ്ടാകും. പന്തലുകൾക്ക് പുറമെ വിഐപി ലോഞ്ച്, ഡൈനിങ് ഹാൾ, എക്സിബിഷൻ ഹാൾ എന്നിവയും സജ്ജമാക്കുന്നുണ്ട്.
പത്തനംതിട്ടയിൽ നിന്നും പമ്പയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണികളും അതിവേഗം പുരോഗമിക്കുകയാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ചാലക്കയം-പമ്പാ റോഡിന്റെ പണികളും ആരംഭിച്ചു. കഴിഞ്ഞ മഴക്കാലത്ത് റോഡ് ഗതാഗതയോഗ്യമല്ലാത്ത അവസ്ഥയിലായിരുന്നു. മാലിന്യ നിർമാർജനത്തിനുള്ള നടപടികളും പമ്പയിലെ അതിഥി മന്ദിരങ്ങളുടെ മോടിപിടിപ്പിക്കലും നടന്നുവരുന്നു. ഈ മാസം 20-ന് പമ്പയിൽ നടക്കുന്ന അയ്യപ്പ സംഗമത്തിൽ 3000-ത്തിലധികം പ്രതിനിധികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.