Share this Article
News Malayalam 24x7
കണ്ണൂര്‍ കണ്ണപുരത്തെ സ്‌ഫോടനം; ഒരു മരണം സ്ഥിരീകരിച്ചു
 Kannapuram Explosion

കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ വൻ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പുലർച്ചെ രണ്ട് മണിയോടെ നടന്ന ഉഗ്രസ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു. ബോംബ് നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

നാടിനെ നടുക്കിയ സംഭവം നടന്നത് കീഴറയിലെ ആളൊഴിഞ്ഞ പ്രദേശത്തുള്ള ഒരു വാടകവീട്ടിലാണ്. ഉഗ്രശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വീട് തകർന്ന നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനുള്ളിലും പരിസരത്തുമായി മനുഷ്യന്റെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറിയ നിലയിൽ കണ്ടെത്തുകയായിരുന്നു.


കീഴറ സ്വദേശി ഗോവിന്ദന്റെ ഉടമസ്ഥതയിലുള്ള വീട് അനൂപ് എന്നയാൾ വാടകയ്ക്ക് എടുത്തിരുന്നതായാണ് വിവരം. എന്നാൽ അനൂപല്ല, ഇയാളുടെ തൊഴിലാളികളായ രണ്ട് പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരെക്കുറിച്ച് നാട്ടുകാർക്ക് കാര്യമായ അറിവില്ലായിരുന്നു. രാത്രി വൈകി ബൈക്കിൽ വരുന്നതും വീടിന്റെ ലൈറ്റുകൾ ഇടാതെ അകത്തേക്ക് കയറിപ്പോകുന്നതുമാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നത്. ഇവരുടെ ദുരൂഹമായ പെരുമാറ്റം കാരണം ആരും ഇവരുമായി അടുപ്പം പുലർത്തിയിരുന്നില്ല.


സംഭവസ്ഥലത്ത് പൊലീസും ബോംബ് സ്ക്വാഡും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന നടത്തി. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ പി. നിഥിൻരാജിന്റെ നേതൃത്വത്തിലുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു. അപകടം നടന്ന സ്ഥലത്തുനിന്ന് സ്റ്റീൽ ബോംബിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായി സൂചനയുണ്ട്.


വീട് വാടകയ്ക്കെടുത്ത അനൂപിനെതിരെ സ്ഫോടകവസ്തു നിയമപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്താൽ മാത്രമേ താമസക്കാരായിരുന്നവരെയും സ്ഫോടനത്തിന്റെ യഥാർത്ഥ കാരണത്തെയും കുറിച്ച് വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories