കൊച്ചി: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ കൊച്ചി കോര്‍പ്പറേഷനിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ എ. സ്വപ്‌നയ്ക്ക് ജാമ്യം. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് പ്രതിക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.കൊച്ചി കോര്‍പ്പറേഷന്റെ വൈറ്റില സോണല്‍ ഓഫീസിലെ ബില്‍ഡിങ് ഇന്‍സ്പെക്ടറായ സ്വപ്നയെ 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അവരുടെ കാറില്‍നിന്നാണ് വിജിലന്‍സ് പിടികൂടിയത്.
അഞ്ചുനിലക്കെട്ടിടം നിര്‍മിക്കുന്നതിന് പെര്‍മിറ്റ് ആവശ്യപ്പെട്ടെത്തിയ എറണാകുളം സ്വദേശിയില്‍നിന്നാണ് ഇവര്‍ 15,000 രൂപ കൈക്കൂലി വാങ്ങിയത്. സ്ഥിരം കൈക്കൂലി വാങ്ങുന്ന സ്വപ്നയെ വിജിലന്‍സ് സംഘം കുരുക്കുകയായിരുന്നു. ഏപ്രില്‍ 30-നായിരുന്നു സംഭവം.കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസുകളില്‍ വലിയതോതിൽ കൈക്കൂലി വാങ്ങുന്നവരുണ്ടെന്ന് വിജിലന്‍സിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ഇതനുസരിച്ചുനടന്ന പരിശോധനയിലാണ് സ്വപ്ന കൈക്കൂലി വാങ്ങുന്ന ബില്‍ഡിങ് ഇന്‍സ്പെക്ടറാണെന്ന് വ്യക്തമായത്. നാലുമാസത്തിലധികമായി വിജിലന്‍സ് സ്വപ്നയെ നിരീക്ഷിച്ചുവരുകയായിരുന്നു. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം ഇവരെ വളഞ്ഞത്.