കുന്നത്തൂരിൽ തോക്ക് ചൂണ്ടി കവർച്ച നടത്തിയ സംഭവത്തിൽ പ്രതികളുടെ കുറ്റസമ്മതമൊഴി പുറത്തുവന്നു. കവർച്ച ചെയ്ത പണം കൊണ്ട് ഇടുക്കിയിൽ നിന്ന് ഏലയ്‌ക്ക വാങ്ങിയെന്നാണ് പ്രതികളുടെ മൊഴി. പ്രതികളിൽ ഒരാളായ ലെനിൻ ഏലയ്‌ക്കാ കർഷകനാണെന്നും, ഇയാൾ ഏലയ്‌ക്കാ തോട്ടത്തിൽ ഒളിച്ചുതാമസിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച ചാക്ക് കണക്കിന് ഏലയ്‌ക്ക പിടിച്ചെടുത്തതായും പൊലീസ് വ്യക്തമാക്കി. കവർച്ച ചെയ്ത പണത്തിന്റെ ഒരു ഭാഗം ആഡംബര ജീവിതം നയിക്കാൻ പ്രതികൾ ഉപയോഗിച്ചതായും വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 80 ലക്ഷം രൂപയാണ് കുന്നത്തൂരിലെ സ്റ്റീൽ വ്യവസായ കമ്പനിയിൽ നിന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രതികൾ കവർന്നത്.
ഒളിവിലായിരുന്ന ഒരാൾ ഉൾപ്പെടെ രണ്ട് പ്രതികളെയാണ് ഇതുവരെ പിടികൂടിയിരിക്കുന്നത്. ഒരു അഭിഭാഷകൻ ഉൾപ്പെടെയുള്ള വലിയൊരു സംഘം ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും, ഇല്ലാത്ത ബിസിനസ്സിന്റെ പേരിൽ കള്ളത്തരം കാണിച്ച് പണം തട്ടിയെടുത്ത് കള്ളപ്പണം വെളുപ്പിക്കുന്ന ഒരു രീതിയാണ് തട്ടിപ്പിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. ഒരു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ചോദ്യം ചെയ്യലുകൾ നടന്നുവരികയാണ്.