Share this Article
News Malayalam 24x7
മുതലപ്പൊഴി വീണ്ടും മരണപ്പൊഴിയാകുന്നു; മൂന്ന് വർഷത്തിനിടെ പൊലിഞ്ഞത് 16 ജീവനുകൾ
Muthalapozhi Becomes a Death Trap Again; 16 Lives Lost in Three Years

തിരുവനന്തപുരത്തെ മുതലപ്പൊഴി ഹാർബർ മത്സ്യത്തൊഴിലാളികളുടെ ജീവനെടുക്കുന്ന മരണക്കെണിയായി തുടരുന്നു. കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞ് രണ്ട് പേർ കൂടി മരിച്ചതോടെ, കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം ഇവിടെ അപകടത്തിൽപ്പെട്ടവരുടെ എണ്ണം 16 ആയി. അശാസ്ത്രീയമായ പുലിമുട്ട് നിർമ്മാണമാണ് തുടർക്കഥയാകുന്ന ദുരന്തങ്ങൾക്ക് കാരണമെന്ന് വിദഗ്ധ സമിതികൾ പലതവണ റിപ്പോർട്ട് നൽകിയിട്ടും, സർക്കാർ തലത്തിൽ ഫലപ്രദമായ നടപടികൾ ഉണ്ടാകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിക്കുന്നു.


2011 മുതൽ ഇന്നുവരെ 78 പേർക്കാണ് മുതലപ്പൊഴിയിൽ ജീവൻ നഷ്ടമായത്. 2022 മുതൽ കഴിഞ്ഞ മൂന്ന് വർഷ കാലയളവിൽ മാത്രം 16 മത്സ്യത്തൊഴിലാളികളാണ് അപകടങ്ങളിൽ മരിച്ചത്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ എട്ട് വള്ളങ്ങൾ അപകടത്തിൽപ്പെടുകയും രണ്ട് പേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഹാർബറിന്റെ അഴിമുഖത്ത് മണൽ അടിഞ്ഞുകൂടിയിരിക്കുന്നത് അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്.


കഴിഞ്ഞ സെപ്റ്റംബറിൽ അഴിമുഖത്തെ മണ്ണ് നീക്കം ചെയ്യാത്തതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. സർക്കാർ ഇടപെട്ട് ഡ്രഡ്ജിംഗ് നടത്തിയെങ്കിലും, അത് പൂർണ്ണമായിരുന്നില്ല. ഇത് അപകടങ്ങൾ വർധിക്കാൻ കാരണമായതായി നാട്ടുകാർ പറയുന്നു. "കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം 14 ഓളം അപകടങ്ങളാണ് ഈ മണൽത്തിട്ടയിൽ ഇടിച്ച് സംഭവിച്ചത്. രണ്ട് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു, പലർക്കും വള്ളങ്ങളും മറ്റ് ഉപകരണങ്ങളും നഷ്ടമായി," ഒരു മത്സ്യത്തൊഴിലാളി പറഞ്ഞു.


മുതലപ്പൊഴിയിലെ അപകട പരമ്പരയ്ക്ക് വിരാമമിടാൻ 177 കോടി രൂപയുടെ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, നിർമ്മാണ പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല. ഓരോ അപകടം നടക്കുമ്പോഴും പ്രഖ്യാപനങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും, തങ്ങളുടെ ജീവന് ഒരു വിലയുമില്ലെന്ന തീരാദുഃഖത്തിലാണ് ഇവിടുത്തെ മത്സ്യത്തൊഴിലാളികൾ.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories