ആലുവ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കൃഷിമന്ത്രിയും സ്പീക്കറുമായിരുന്ന പി.പി. തങ്കച്ചൻ (86) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2004 മുതൽ 2018 വരെ യുഡിഎഫ് കൺവീനറായിരുന്നു. എട്ടാം നിയമസഭയിൽ സ്പീക്കറായി. രണ്ടാം എ.കെ.ആന്റണി മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചു.1982 മുതൽ 2001 വരെ പെരുമ്പാവൂർ എംഎൽഎയുമായിരുന്നു. മാർക്കറ്റ്‌ഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.
അങ്കമാലിയിൽ നിന്നു അഭിഭാഷകനായെത്തി പെരുമ്പാവൂരിലെ സാംസ്കാരിക നേതൃത്വത്തിലെത്തിയ ചരിത്രമാണ് പി.പി തങ്കച്ചന്റേത്. അങ്കമാലി നായത്തോടു പൈനാടത്ത് പരേതനായ ഫാ പൗലോസിന്റെ മകനായി 1939 ജൂലൈ 29–ന് ജനിച്ചു. നിയമബിരുദവും പൊതുഭരണത്തിൽ ഡിപ്ലോമയും നേടി അങ്കമാലിയിൽ അഡ്വ ഇട്ടി കുര്യന്റെ ജൂനിയറായി അഭിഭാഷകരംഗത്ത് പ്രവേശിച്ചു. നഗരസഭാ തിരഞ്ഞെടുപ്പിൽ ആശ്രമം സ്കൂളിനു സമീപത്തെ വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് അദ്ദേഹം പൊതുപ്രവർത്തനത്തിലെത്തുന്നത്.1968 മുതൽ 1980 വരെ പെരുമ്പാവൂർ നഗരസഭാ ചെയർമാനായിരുന്നു. 68–ൽ സ്ഥാനമേൽക്കുമ്പോൾ ഇന്ത്യയിലെ അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയർമാനായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ മണ്ഡലം വൈസ്പ്രസിഡന്റ് പദത്തിൽ തുടങ്ങി അദ്ദേഹം ബ്ലോക്ക് പ്രസിഡന്റ്ും എറണാകുളം ഡിസിസി പ്രസിഡന്റും പിന്നീട് 2004 ഏതാനും മാസം കെപിസിസി പ്രസിഡന്റുമായി പ്രവർത്തിച്ചു.
പാത്രിയാർക്കിസ് ബാവയിൽ നിന്ന് യാക്കോബായ സഭയുടെ കമാൻഡർ പദവിയും ലഭിച്ചിട്ടുണ്ട്. ടി വി തങ്കമ്മയാണ് പത്നി. മൂന്നു മക്കൾ.