കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ്കട്ട് മാലിന്യ സംസ്കരണ കേന്ദ്രം ഭാഗികമായി പ്രവർത്തനം പുനരാരംഭിച്ചു. 18 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് മാലിന്യ പ്ലാന്റ് തുറന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് പോലീസ് സുരക്ഷയിൽ പ്ലാന്റ് തുറന്നു പ്രവർത്തിക്കുന്നത്.
പ്ലാന്റ് തുറന്നുപ്രവർത്തിക്കാൻ സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഫ്രഷ്കട്ട് അധികൃതർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് അനുകൂലമായ വിധി വന്നതിനെ തുടർന്നാണ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ 20-ൽ അധികം വരുന്ന പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ച് പ്ലാന്റ് തുറന്നത്. നവംബർ 21-നകം മലിനീകരണ നിയന്ത്രണ ബോർഡ് കൂടുതൽ റിപ്പോർട്ടുകൾ ഹൈക്കോടതിക്ക് സമർപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു.
എന്നാൽ, മാലിന്യ പ്ലാന്റ് പൂർണ്ണമായി അടച്ചുപൂട്ടണമെന്നും പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ ശക്തമായ പ്രതിഷേധം തുടരുകയാണ്. 2019 മുതൽ ഈ വിഷയത്തിൽ പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു. പരിസര മലിനീകരണവും ദുർഗന്ധവും കാരണം തങ്ങൾക്ക് ഇവിടെ താമസിക്കാൻ കഴിയില്ലെന്നും, മാലിന്യ പ്ലാന്റ് പൂർണ്ണമായി അടച്ചുപൂട്ടുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജനകീയ സമരസമിതി അംഗങ്ങൾ അറിയിച്ചു.