കോഴിക്കോട്: 2019 ൽ യുവാവിനെ കാണാതായ സംഭവത്തിൽ വഴിത്തിരിവ്. കോഴിക്കോട് എലത്തൂർ സ്വദേശിയുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് നിർണായക വെളിപ്പെടുത്തൽ ഉണ്ടായത്. കാണാതായ എലത്തൂർ സ്വദേശിയായ വിജിൽ മരിച്ചതായി സുഹൃത്തുക്കൾ പൊലിസിൽ മൊഴി നൽകി. വിജിലിനെ പിന്നീട് കുഴിച്ചുമൂടിയതായും മൊഴിയിൽ പറയുന്നു. എന്നാൽ വിജിലിനെ കൊന്നതെല്ലെന്നാണ് സുഹൃത്തുക്കൾ അറിയിച്ചത്.
കേസുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ രണ്ടു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് പൊലിസ് അറിയിച്ചു. യുവാവ് ലഹരി ഉപയോഗിക്കുന്നതിനിടെ മരിച്ചു. തുടർന്ന് മൃതദേഹം സരോവരം ഭാഗത്തു കുഴിച്ചു മൂടി എന്നാണ് സുഹൃത്തുക്കളുടെ മൊഴി. സുഹൃത്തുക്കളായ നിജിൽ, ദീപേഷ് എന്നിവരെയാണ് എലത്തൂർ പൊലിസ് കസ്റ്റഡിയിലെടുത്തത്. 2019ലാണ് വിജിലിനെ കാണാതായത്. തുടർന്ന് പൊലിസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
സംഭവം നടന്ന് 6 വർഷത്തിന് ശേഷമാണ് കേസിൽ നിർണായക വെളിപ്പെടുത്തൽ ഉണ്ടാകുന്നത്. കൊലപാതകം അല്ലെന്നാണ് മൊഴിയെങ്കിലും പൊലിസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വിജിൽ മരിച്ചെന്ന് മനസ്സിലാക്കിയ പ്രതികൾ മൃതദേഹം തെളിവ് നശിപ്പിക്കാനായി ചതുപ്പിൽ കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. പിന്നീട് മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് ഇവർ വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങൾ കടലിൽ കളഞ്ഞെന്നാണ് പൊലീസിന് നൽകിയ മൊഴി. വിജിൽ സുഹൃത്തുക്കൾക്കൊപ്പം പോയതാണെന്ന് നേരത്തെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ഈ സൂചനകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചത്.