Share this Article
News Malayalam 24x7
ശബരിമല റോപ് വേ പദ്ധതിയുടെ നടപടികള്‍ അതിവേഗം പുരോഗമിക്കുന്നു
 Sabarimala

ശബരിമല റോപ് വേ പദ്ധതിയുടെ നടപടികള്‍ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയ്ക്ക് ഇനി വേണ്ടത് സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതി. റോപ്വേയ്ക്ക് 4.5336 ഹെക്ടര്‍ വനഭൂമിയാണ് ആവശ്യമായി വരുന്നത്. 

ശബരിമലയുടെ വികസനത്തിന് ശരവേഗം ലഭിക്കുന്ന പദ്ധതിയായ റോപ് വേയുടെ നടപടികള്‍ അതിവേഗം പുരോഗമിക്കുന്നു. സംസ്ഥാന വൈല്‍ഡ് ലൈഫ് ബോര്‍ഡിന്റെയും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും അനുമതിയെന്ന കടമ്പയാണ് ഇനി കടക്കാനുള്ളത്. ഇത് ലഭിച്ചാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങാമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണക്ക് കൂട്ടല്‍. 

റാന്നി ഡിഎഫ്ഒ, പെരിയാര്‍ കടുവസങ്കേതം ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവര്‍ നല്‍കിയ റിപ്പോര്‍ട്ട് നിലവില്‍ വനംവകുപ്പ് മേധാവിയുടെ പക്കലുണ്ട്. വൈല്‍ഡ് ലൈഫ് ബോര്‍ഡ് ഇത് അംഗീകരിച്ച ശേഷം വേണം കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് അയയ്ക്കാന്‍. വനം വകുപ്പ് നിര്‍ദേശിച്ച സ്‌കെച്ചും മാപ്പും കരാര്‍ ഏറ്റെടുത്ത കമ്പനി പ്രതിനിധികള്‍ കൈമാറിയിട്ടുണ്ട്. 

റോപ്വേ കടന്നുപോകുന്ന ഭാഗത്തെ സൈറ്റ് സ്‌കെച്ച്, മുറിക്കേണ്ട മരങ്ങളുടെ ഗൂഗിള്‍ സ്‌കെച്ച് എന്നിവയാണ് വനം വകുപ്പ് പുതിയതായി ആവശ്യപ്പെട്ടത്. റോപ്വേയ്ക്കു 4.5336 ഹെക്ടര്‍ വനഭൂമിയാണ് ആവശ്യം. ഈ മാസം അവസാനം നടക്കുന്ന വൈല്‍ഡ് ലൈഫ് ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം പരിഗണിക്കുമെന്നാണു കരുതുന്നത്.

പമ്പ ഹില്‍ടോപ്പില്‍ നിന്നു സന്നിധാനം പൊലീസ് ബാരക് വരെ 2.7 കിലോമീറ്ററാണ് റോപ്വേയുടെ നീളം. പമ്പ ഹില്‍ടോപ് പാര്‍ക്കിങ് ഗ്രൗണ്ടിലാണ് റോപ്വേയുടെ പ്രധാന സ്റ്റേഷന്‍. ഇത് റാന്നി വനം ഡിവിഷനിലും ബാക്കി പില്ലറുകളും റോപ്വേ അവസാനിക്കുന്ന സന്നിധാനം സ്റ്റേഷന്‍ വരെയുള്ള ഭാഗം പെരിയാര്‍ കടുവ സങ്കേതത്തിലുമാണുള്ളത്. അതുകൊണ്ട് തന്നെ സ്ഥലം വിട്ടുകിട്ടാന്‍ റാന്നി ഡിഎഫ്ഒ, പെരിയാര്‍ കടുവസങ്കേതം ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവരുടെ അനുകൂല റിപ്പോര്‍ട്ടും ആവശ്യമാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories