കണ്ണൂര്‍: ശശി തരൂര്‍ എം പിക്ക് പിന്നാലെ പിണറായി സര്‍ക്കാരിനെ പുകഴ്ത്തി മുന്‍ കേന്ദ്ര മന്ത്രി മണിശങ്കര്‍ അയ്യരും. കേരളം തദ്ദേശ സ്വയംഭരണ സ്ഥാപന നടത്തിപ്പില്‍ രാജ്യത്ത് നമ്പര്‍ വണ്ണാണെന്നും പിണറായി സര്‍ക്കാര്‍ മാതൃകയാണെന്നുമായിരുന്നു കോൺഗ്രസ് നേതൃത്വത്തെ വെട്ടിലാക്കി മണിശങ്കര്‍ അയ്യരുടെ പ്രതികരണം. സിപിഐഎം നിയന്ത്രണത്തിലുള്ള എ കെ ജി പഠന ഗവേഷണ കേന്ദ്രം, പാട്യം ഗോപാലന്‍ പഠന ഗവേഷണ കേന്ദ്രം, എന്നിവ സംയുക്തമായി കണ്ണൂര്‍ ബര്‍ണശേരിയിലെ നായനാര്‍ അക്കാദമിയില്‍ നടത്തിയ അധികാര വികേന്ദ്രികരണവും തദ്ദേശ ഭരണവുമെന്ന അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസിയും കോണ്‍ഗ്രസ് ജില്ലാ ഘടകവും സഹകരിക്കാതെ വിട്ടു നിന്ന സിപിഐഎം അന്താരാഷ്ട്ര സെമിനാര്‍ പരിപാടിയില്‍ ഉന്നത കോണ്‍ഗ്രസ് നേതാവ് തന്നെ ഡല്‍ഹിയില്‍ നിന്നെത്തി പങ്കെടുത്ത നടപടി പാര്‍ട്ടിക്കുള്ളില്‍ വിവാദമായിരുക്കുകയാണ്. സെമിനാറിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും അര ലക്ഷം രൂപ വീതം നിര്‍ബന്ധ പിരിവ് നടത്തുന്നതിനെതിരെ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം രംഗത്തുവന്നിരുന്നു. ചിലയിടങ്ങളില്‍ പരസ്യ പ്രതിഷേധവും ബഹിഷ്‌കരണവും പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് മുന്‍ കേന്ദ്ര മന്ത്രിയുടെ പുകഴ്ത്തല്‍.
സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം ടി എം തോമസ് ഐസക്കിന്റെ ക്ഷണപ്രകാരമാണ് താനെത്തിയത് എന്നും തോമസ് ഐസക്കുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും മണിശങ്കര്‍ അയ്യര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.കോണ്‍ഗ്രസ് ദേശീയ നേതാവായ മണിശങ്കര്‍ സിപിഐഎം പരിപാടിയില്‍ പങ്കെടുത്ത വിവരം തങ്ങള്‍ക്കറിയില്ലെന്നാണ് കണ്ണൂര്‍ ഡിസിസി നേതാക്കളുടെ വിശദീകരണം. എന്നാല്‍ സിപിഐഎം നടത്തിയ പരിപാടിയില്‍ സര്‍ക്കാരിനെ പല്ലും നഖവും ഉപയോഗിച്ചു എതിര്‍ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇംഗിതത്തെ മറികടന്നുകൊണ്ടു പാര്‍ട്ടി ദേശീയ നേതാവ് തന്നെ പങ്കെടുത്തത് ക്ഷീണമായിട്ടുണ്ട്. കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്റെ തട്ടകമായ കണ്ണൂര്‍ ജില്ലയില്‍ മണിശങ്കര്‍ അയ്യര്‍ വന്നു പോയത് ജില്ലാ നേതൃത്വം അറിയാതെയാണ്. നേരത്തെ ശശി തരൂരുമായി ചേര്‍ന്ന് കോണ്‍ഗ്രസില്‍ നേതൃമാറ്റത്തിനായി ശബ്ദമുയര്‍ത്തിയ നേതാക്കളിലൊരാളാണ് മണിശങ്കര്‍ അയ്യര്‍.ഇതിനിടെ സെമിനാറില്‍ പങ്കെടുത്തവരില്‍ നാലില്‍ ഒരു ശതമാനംപേര്‍ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ നിന്നാണെന്ന് മുഖ്യ സംഘാടകരിലൊരാളായ എം വി ജയരാജന്‍ പറഞ്ഞു.