Share this Article
KERALAVISION TELEVISION AWARDS 2025
വൈക്കോലിന് ആവശ്യക്കാര്‍ കുറയുന്നു; കര്‍ഷകക്ക് തിരിച്ചടി
vaikol palakkad

പാലക്കാട് തൃത്താലയില്‍ കൊയ്ത്തുകാലം തുടങ്ങുമ്പോള്‍ കച്ചവടം നടന്നിരുന്ന വൈക്കോലിന് ഇപ്പോള്‍ ആവശ്യക്കാര്‍ കുറയുന്നതായി കര്‍ഷകര്‍. ക്ഷീര കര്‍ഷകരുടെ എണ്ണം കുറഞ്ഞതും വന്‍കിട ഫാമുകള്‍ കൂടിയതുമാണ് വൈക്കോലിന്റെ ആവശ്യം കുറയാന്‍ കാരണമെന്നാണ് ഇവര്‍ പറയുന്നത്. വില കുറയുന്നത് നെല്‍കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ്.

തൃത്താല മേഖലയില്‍ നെല്ല് കൊയ്തുമെതിച്ച് റോളാക്കി പാടത്ത് സൂക്ഷിച്ചിരിക്കുന്ന വൈക്കോല്‍ അതേപോലെയിരിക്കുന്ന കാഴ്ചയാണ് പല ഭാഗങ്ങളിലും. മുന്‍വര്‍ഷങ്ങളില്‍ വൈക്കോലിനായി പാടശേഖരങ്ങളിലേക്ക് ധാരാളം ആവശ്യക്കാരും എത്തിയിരുന്നു. മത്സരസ്വഭാവത്തോടെ കച്ചവടക്കാര്‍ എത്തുമ്പോള്‍ മുന്തിയ വിലയ്ക്ക് വില്‍ക്കാനും കഴിഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഒരു കെട്ടിന് 160 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് 100രൂപയും അതിന് കുറവിലുമാണ് കച്ചവടക്കാര്‍ ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത്. മെഷീന്‍ കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിലെ വൈക്കോല്‍ യന്ത്രം ഉപയോഗിച്ച് കെട്ടുന്നതിന് 40 രൂപ നല്‍കണം. കെട്ടാനുള്ള പണം കഴിച്ചാല്‍ നിസാരവില മാത്രമാണ് ലഭിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.
 
വിറ്റുപോകും മുമ്പ് വേനല്‍ മഴയെത്തിയാല്‍ പാടശേഖരങ്ങളിലുള്ള വൈക്കോല്‍ നശിക്കാനും കാരണമാകും. ഈര്‍പ്പമില്ലാതെ വൈക്കോല്‍ക്കെട്ട് സൂക്ഷിച്ചുവെച്ചാല്‍ മഴകാലത്ത് വില ലഭിക്കാറുണ്ട്. പക്ഷെ നൂറ് കെട്ട് വൈക്കോല്‍ സൂക്ഷിച്ചുവയ്ക്കാന്‍ പണിയേറെയാണെന്നാണ് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.നെല്ല് സംഭരിക്കുന്നതുപോലെ വൈക്കോലും സംഭരിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ തീരുമാനമുണ്ടാക്കണമെന്നും ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories