ലോകപ്രശസ്തമായ ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രധാന വഴിപാടായ കുത്തിയോട്ടത്തിന് ഭക്തിസാന്ദ്രമായ തുടക്കം. മഹിഷാസുരനുമായുള്ള യുദ്ധത്തിൽ പരിക്കേറ്റ ദേവിയുടെ പടയാളികളെ പ്രതിനിധീകരിക്കുന്ന കുത്തിയോട്ട ബാലന്മാർ ഏഴു ദിവസത്തെ കഠിനമായ വ്രതാനുഷ്ഠാനത്തിലേക്കാണ് പ്രവേശിച്ചത്.
പതിമൂന്ന് വയസ്സിൽ താഴെയുള്ള ആൺകുട്ടികളാണ് ദേവിക്ക് ഈ വഴിപാട് സമർപ്പിക്കുന്നത്. ഇന്ന് രാവിലെ ക്ഷേത്രക്കുളത്തിൽ മുങ്ങിക്കുളിച്ച് ഈറനോടെ ദേവിയെ വണങ്ങി, പള്ളിപ്പലകയിൽ ഏഴു വെള്ളിനാണയങ്ങൾ വെച്ച് ക്ഷേത്ര മേൽശാന്തിക്ക് ദക്ഷിണ നൽകി വ്രതത്തിന് തുടക്കം കുറിച്ചു. വ്രതകാലയളവിൽ ഏഴു ദിവസവും ക്ഷേത്രത്തിനുള്ളിൽ തന്നെയാണ് കുട്ടികൾ താമസിക്കുന്നത്. ദേവിക്ക് മുൻപിൽ 1008 നമസ്കാരം പൂർത്തിയാക്കണമെന്നതാണ് വ്രതത്തിലെ പ്രധാന ചടങ്ങ്.
ആറ്റുകാൽ പൊങ്കാല നടക്കുന്ന മാർച്ച് മൂന്നിനാണ് കുത്തിയോട്ടത്തിന്റെ സമാപന ചടങ്ങുകൾ നടക്കുക. അന്ന് രാത്രി 8:30-ഓടെ കിരീടവും ആടയാഭരണങ്ങളും ധരിപ്പിച്ച് ദേവി സന്നിധിയിൽ വെച്ച് ബാലന്മാരുടെ ശരീരത്തിൽ ചൂരൽ കോർക്കുന്ന 'ചൂരൽ മുറിയൽ' ചടങ്ങ് നടക്കും. തുടർന്ന് മണക്കാട് ശാസ്താക്ഷേത്രത്തിലേക്കുള്ള ദേവിയുടെ പുറത്തെഴുന്നള്ളത്തിന് അകമ്പടി സേവിക്കുന്നത് ഈ കുത്തിയോട്ട ബാലന്മാരാണ്. എഴുന്നള്ളത്തിന് ശേഷം തിരികെ ക്ഷേത്രത്തിലെത്തി ചൂരൽ ഇളക്കുന്നതോടെ വ്രതാനുഷ്ഠാനങ്ങൾക്ക് സമാപ്തിയാകും.