കൊല്ലം: പ്രതിഷേധ ജാഥയ്ക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ യുവജന കമ്മീഷൻ മുൻ അധ്യക്ഷയും സിപിഐഎം നേതാവുമായ ചിന്ത ജെറോമിനെതിരെ പൊലിസ് കേസെടുത്തു. ചിന്ത ജെറോം അടക്കം കണ്ടാലറിയാവുന്ന 55 പേർക്കെതിരെയാണ് ഇരവിപുരം പൊലിസ് കേസെടുത്തത്. കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിയാസുദ്ദീൻ റാവുത്തറുടെ പരാതിയിലാണ് നടപടി.
ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ മന്ത്രിക്ക് പരിക്കേറ്റിരുന്നു. ഇതിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രകടനത്തിലാണ് വിവാദമായ മുദ്രാവാക്യം വിളി ഉണ്ടായത്. ചിന്ത ജെറോം അസഭ്യവും സ്ത്രീവിരുദ്ധവുമായ മുദ്രാവാക്യങ്ങൾ ഏറ്റുവിളിച്ചെന്ന് പരാതിയിൽ പറയുന്നു. സമൂഹത്തിൽ സ്പർധ ഉളവാക്കി കലഹം സൃഷ്ടിക്കണമെന്ന ഉദ്ദേശത്തോടെ സംഘംചേർന്ന് പ്രതിഷേധിച്ചു എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ചിന്ത ജെറോമിന്റെ വിശദീകരണം
മുദ്രാവാക്യം വിളിക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനം ഉയർന്നതോടെ വിശദീകരണവുമായി ചിന്ത ജെറോം രംഗത്തെത്തിയിരുന്നു. വനിതാ മന്ത്രിക്കെതിരായ അതിക്രമത്തിൽ വൈകാരികമായാണ് പ്രവർത്തകർ പ്രതികരിച്ചത്. പ്രകടനത്തിന്റെ ഭാഗമായപ്പോൾ അത്തരം വൈകാരിക മുദ്രാവാക്യങ്ങൾ അറിയാതെ ഏറ്റുവിളിച്ചു പോയതാണ്.