വയനാട് കള്ളാടിയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കപാതയ്ക്ക് സമീപമുണ്ടായ വൻ മണ്ണിടിച്ചിൽ ദുരന്തസ്ഥലത്ത് രണ്ടാം ദിവസവും രക്ഷാപ്രവർത്തനം ഊർജിതമായി തുടരുന്നു. മണ്ണുവീണ് പൂർണ്ണമായും അടഞ്ഞുപോയ കള്ളാടി മീനാക്ഷിപ്പാലത്തിന് സമീപത്തെ പ്രധാന റോഡിലെ അവശിഷ്ടങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നീക്കം ചെയ്ത് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. കാണാതായ അഞ്ച് തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്.
രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ദുരന്തമേഖലയെ നാല് പ്രത്യേക സോണുകളാക്കി തിരിച്ചാണ് പരിശോധന പുരോഗമിക്കുന്നത്. ഓരോ സോണിന്റെയും ചുമതല പ്രത്യേക ഉദ്യോഗസ്ഥരെ ഏൽപ്പിച്ച് ഗ്രീഡ് സെർച്ച് രീതിയിലാണ് മുന്നോട്ടു പോകുന്നത്. മണ്ണടിയിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ പ്രത്യേക പരിശീലനം ലഭിച്ച കെഡാവർ നായകളെയും ദുരന്തസ്ഥലത്ത് എത്തിച്ചിട്ടുണ്ട്.
ചൊവ്വാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ മൂന്നുപേരുടെ മരണമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. തകർന്നുവീണ മൺകൂനയ്ക്കടിയിൽ നിന്നും രക്ഷപെടുത്തി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചവരിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിൽ ഇതര സംസ്ഥാന തൊഴിലാളിയായ ദിലീപ് എന്നയാളുടെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാർ. കമ്പനി നൽകിയ ഹാജർ പട്ടിക അടിസ്ഥാനമാക്കിയാണ് കാണാതായ അഞ്ച് പേർക്കായുള്ള തിരച്ചിൽ കേന്ദ്രീകരിച്ചിരിക്കുന്നത്.
സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ഉച്ചയോടെ ദുരന്തബാധിത പ്രദേശം സന്ദർശിക്കും. തിരുവനന്തപുരത്ത് ഇന്ന് രാവിലെ ചേരുന്ന മന്ത്രിസഭായോഗത്തിന് ശേഷമായിരിക്കും അദ്ദേഹം ഹെലികോപ്റ്റർ മാർഗ്ഗം വയനാട്ടിലെത്തുക. തുടർന്ന് ദുരന്തസ്ഥലം നേരിട്ട് സന്ദർശിക്കുന്ന അദ്ദേഹം ജനപ്രതിനിധികളുമായും ഉന്നത ഉദ്യോഗസ്ഥരുമായും അവലോകന യോഗം ചേരും. നിലവിൽ ദുരന്തമേഖലയിൽ മന്ത്രിമാരായ ടി. സിദ്ദിഖ്, എ.പി. അനിൽകുമാർ എന്നിവർ ക്യാമ്പ് ചെയ്ത് രക്ഷാപ്രവർത്തനങ്ങൾക്ക് നേരിട്ട് മേൽനോട്ടം വഹിക്കുന്നുണ്ട്.
മേഖലയിൽ തുടരുന്ന ശക്തമായ മഴയും കനത്ത മൂടൽമഞ്ഞും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കാലാവസ്ഥാ വകുപ്പ് വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് ദുരന്തസ്ഥലത്തേക്ക് പൊതുജനങ്ങൾക്ക് പൂർണ്ണ പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒന്നര കിലോമീറ്റർ അകലെ വെച്ചുതന്നെ വാഹനങ്ങൾ പോലീസ് തടയുകയാണ്. മാധ്യമപ്രവർത്തകർക്കും ഔദ്യോഗിക രക്ഷാപ്രവർത്തകർക്കും മാത്രമാണ് നിലവിൽ പ്രദേശത്തേക്ക് കടത്തിവിടുന്നത്.
തുരങ്കപാത നിർമാണത്തിനായി മല തുരന്നെടുത്ത മണ്ണ് മീനാക്ഷിപ്പാലത്തിന് സമീപം അശാസ്ത്രീയമായി കൂട്ടിയിട്ടതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. കനത്ത മഴ പെയ്തപ്പോൾ ഈ മൺകൂന അസ്ഥിരപ്പെടുകയും താഴേക്ക് കുത്തിയൊലിക്കുകയുമായിരുന്നു. ഈ മണ്ണ് എത്രയും വേഗം നീക്കം ചെയ്യണമെന്ന് നേരത്തെ പിഡബ്ല്യുഡി നിർദ്ദേശിച്ചിരുന്നെങ്കിലും നിർമ്മാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ഇതിൽ വലിയ വീഴ്ച വരുത്തിയതായാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ കുറ്റകരമായ അനാസ്ഥയുണ്ടായോ എന്നതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റവന്യൂ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.