തൃശൂർ മണ്ണുത്തിയിൽ ഗൃഹനാഥനെ മർദിച്ചു ബന്ദിയാക്കി 47 പവൻ സ്വർണ്ണാഭരണങ്ങളും പണവും കവർച്ച ചെയ്ത സംഭവത്തിൽ ഇതരസംസ്ഥാനക്കാരായ രണ്ട് പേർ പിടിയിൽ.രാജസ്ഥാൻ സ്വദേശി മജീദ് ഖാൻ, മഹാരാഷ്ട്ര സ്വദേശി ആകാശ് കുമാർ ഷിൻഡെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞമാസം തൃശ്ശൂർ മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന സോമനാഥൻ എന്നയാളെ രാത്രി സമയത്ത് വീടിന്റെ പൂട്ട് തകർത്ത് അകത്തു കയറി മർദിച്ച് കെട്ടിയിടുകയും വീട്ടിലുണ്ടായിരുന്ന സ്വർണ്ണവും പണവും മറ്റും കവർച്ച ചെയ്ത് കടന്നു കളയുകയുമായിരുന്നു.
സംസ്ഥാന ഹൈവേക്ക് സമീപത്തു സ്ഥിതി ചെയ്യുന്ന വീട്ടിൽ നടന്ന വൻ കവർച്ചയിൽ തൃശൂർ സിറ്റി പോലീസ് കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ എത്തി സ്ഥലം പരിശോധിച്ച് വിലയിരുത്തുകയും തുടർന്ന് സിറ്റി സാഗോക് ടീമിനെ കേസിന്റെ അന്വേഷണം ഏൽപ്പിക്കുകയും ചെയ്തു.സമീപ പ്രദേശത്തുള്ള അമ്പത്തോളം cctv ക്യാമറകൾ പരിശോധിച്ചെങ്കിലും കാര്യമായ തെളിവുകളൊന്നും തന്നെ ലഭിക്കാത്തതിനെ തുടർന്ന് അന്യസംസ്ഥാനക്കാരിലേക്ക് വ്യാപിപ്പിക്കുകയും ഹൈവേ റോബറിയും കവർച്ചയും നടത്തുന്ന കൊള്ളസംഘങ്ങളുടെ വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുകയും പ്രദേശങ്ങളിൽ കാണപ്പെട്ട അന്യസംസ്ഥാന ലോറികളിലേക്ക് സംശയം ചെന്നെത്തുകയും ചെയ്തു.
സംശയം തോന്നിയ ഇരുപതോളം ട്രക്കുകളെ കുറിച്ചും അതിൽ സഞ്ചരിച്ചവരെ കുറിച്ചും അന്വേഷണം നടത്തിയതിൽ കാര്യമായ തെളിവുകൾ ലഭിക്കുകയും ഹരിയാനയിൽ നിന്നും കൊച്ചിയിലേക്ക് സാധന സാമഗ്രികളുമായി വന്ന ഒരു ട്രക്കിലേക്ക് അന്വേഷണം സംഘം ചെന്നെത്തുകയും അതിൽ സഞ്ചരിച്ചിരുന്നവരെ കുറിച്ച് വിശദമായി അന്വേഷിക്കുകയും ചെയ്തതിൽ അവരിൽ 3 പേർ രാജസ്ഥാൻ സ്വദേശികളാണെന്നും രണ്ടു പേർ മഹാരാഷ്ട്ര സ്വദേശികളാണെന്നും തിരിച്ചറിഞ്ഞു.മഹാരാഷ്ട്ര, രാജസ്ഥാൻ സംസ്ഥാനങ്ങളിലേക്ക് പുറപ്പെടുകയും പ്രതികളെ അവരുടെ നാട്ടിലുള്ള ഒളിസങ്കേതങ്ങളിൽ നിന്നും അറസ്റ്റ് ചെയ്യുകയുമാണ് ചെയ്തത്."തീരൻ" എന്ന തമിഴ് സിനിമയെ അനുസ്മരിപ്പിക്കും വിധത്തിലാണ് പ്രതികളുടെ കവർച്ചയ്ക്കായുള്ള യാത്രകൾ എന്നാണ് പൊലീസ് പറയുന്നത്. ചുറ്റിക്കറങ്ങാണെന്ന രീതിയിൽ ട്രക്കുകളിൽ കയറി വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി ഹൈവേ വശങ്ങളിലുള്ള വീടുകളിൽ കയറി കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി.അറസ്റ്റിലായവർ മഹാരാഷ്ട്ര, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കവർച്ച പിടിച്ചുപറി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്.