Share this Article
News Malayalam 24x7
ആര്‍ സുഗതന് വീണ്ടും തിരിച്ചടി; കാപ്പാതടവ് കാപ്പാ ഉപദേശക സമിതി ശരിവച്ചു
Thiruvananthapuram Councillor R Sugathan

വധശ്രമമടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തിരുവനന്തപുരം കോർപ്പറേഷനിലെ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതന്റെ കാപ്പ (KAAPA) തടവ് ഉപദേശക സമിതി ശരിവെച്ചു. തനിക്കെതിരെ കാപ്പ ചുമത്തിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുഗതൻ സമർപ്പിച്ച ഹർജി കാപ്പ ഉപദേശക സമിതി തള്ളുകയായിരുന്നു. ഇതോടെ സുഗതൻ ആറ് മാസത്തേക്ക് ജയിലിൽ തുടരേണ്ടി വരും. ഹൈക്കോടതി അടിയന്തരമായി ഇടപെട്ട് ജാമ്യം അനുവദിച്ചില്ലെങ്കിൽ സുഗതന് കൗൺസിലർ സ്ഥാനം നഷ്ടമാകുമെന്നുറപ്പായി. ഇത് തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണസമിതിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

തദ്ദേശ സ്വയംഭരണ നിയമപ്രകാരം ഒരു ജനപ്രതിനിധി തുടർച്ചയായി മൂന്ന് തവണ കൗൺസിൽ യോഗങ്ങളിൽ അനുമതിയില്ലാതെ പങ്കെടുക്കാതിരുന്നാൽ അയോഗ്യനാക്കപ്പെടും. വിയ്യൂർ ജയിലിൽ കഴിയുന്ന സുഗതന് കഴിഞ്ഞ രണ്ട് കൗൺസിൽ യോഗങ്ങളിലും പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. സുഗതനെ അയോഗ്യതയിൽ നിന്നും രക്ഷിക്കാനാണ് മേയർ മനഃപൂർവം കൗൺസിൽ യോഗങ്ങൾ വിളിച്ചുചേർക്കാത്തതെന്ന് ആരോപിച്ച് എൽഡിഎഫും യുഡിഎഫും കനത്ത പ്രതിഷേധത്തിലാണ്.


ഭരണസമിതിയിലെ മറ്റ് കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ വിവാദങ്ങൾക്ക് ശേഷം സുഗതന്റെ സത്യപ്രതിജ്ഞ മാത്രമാണ് ഇനി നടക്കാനുള്ളത്. 101 അംഗ കൗൺസിലിൽ കേവലം 50 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ഒരു സ്വതന്ത്രന്റെ പിന്തുണയോടെ ഭരിക്കുന്ന ബിജെപിക്ക് ഒരംഗത്തെ നഷ്ടപ്പെടുന്നത് ഭരണത്തെ നേരിട്ട് ബാധിക്കും. അതിനാൽ തന്നെ സുഗതന്റെ കൗൺസിലർ സ്ഥാനം നിലനിർത്തുക എന്നത് ബിജെപിക്ക് അഭിമാനപ്രശ്നമാണ്.


വധശ്രമക്കേസിൽ പ്രതിയായ ശേഷം ഒളിവിൽ പോയ സുഗതനെ ഏറെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സുഗതനെ പിടികൂടാനെത്തിയ പോലീസ് സംഘത്തെ ഇയാളുടെ അനുയായികൾ വളയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് വട്ടിയൂർക്കാവ് എസ്എച്ച്ഒയ്ക്ക് ആകാശത്തേക്ക് വെടിയുതിർക്കേണ്ടി വന്നിരുന്നു.


വട്ടിയൂർക്കാവ് വെള്ളക്കടവ് ജങ്ഷനിൽ വെച്ച് കുലുമല സ്വദേശി പ്രശാന്തിനെ മർദ്ദിച്ച കേസ്, പിടികൂടാനെത്തിയ പോലീസുകാരെ ആക്രമിച്ച കേസ് എന്നിവയുൾപ്പെടെ പന്ത്രണ്ടോളം ക്രിമിനൽ കേസുകൾ സുഗതനെതിരെ നിലവിലുണ്ട്. ഇതിൽ വധശ്രമം, തട്ടിക്കൊണ്ടുപോകൽ, ആയുധം ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ഇയാളുടെ രണ്ട് ജാമ്യാപേക്ഷകൾ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നിലവിലെ സാഹചര്യത്തിൽ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രതിഭാഗത്തിന്റെ നീക്കം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories