Share this Article
News Malayalam 24x7
ഇന്ത്യയിലെ ആദ്യത്തെ 'നെറ്റ് സീറോ കാര്‍ബണ്‍' ജയില്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് ചരിത്രനേട്ടം; മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിച്ചു
വെബ് ടീം
6 hours 12 Minutes Ago
1 min read
kannur central jail

കണ്ണൂര്‍: ഇന്ത്യയിലെ ആദ്യത്തെ 'നെറ്റ് സീറോ കാര്‍ബണ്‍' പദവി കൈവരിച്ച ജയില്‍ എന്ന അഭിമാന നേട്ടം കണ്ണൂർ സെന്‍ട്രല്‍ ജയിലിലൂടെ സംസ്ഥാനത്തിന് സ്വന്തമായി.കാര്‍ബണ്‍ വികിരണം കുറയ്ക്കുന്നതിനൊപ്പം വിവിധ മാലിന്യ സംസ്‌കരണ പദ്ധതികളും നടപ്പിലാക്കിയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഈ മാതൃകാപരമായ നേട്ടം സ്വന്തമാക്കിയത്. ഹരിത കേരള മിഷന്‍ സംഘടിപ്പിച്ച ദേശീയ പരിസ്ഥിതി സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നെറ്റ് സീറോ കാര്‍ബണ്‍ പദവി നേടിയ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനുള്ള പുരസ്‌കാരം സമ്മാനിച്ചു.

കേന്ദ്ര സര്‍ക്കാര്‍ 2070 ലും സംസ്ഥാന സര്‍ക്കാര്‍ 2050 ലും നെറ്റ് സീറോ കാര്‍ബണ്‍ പദവി നേടാനുള്ള ലക്ഷ്യങ്ങളിലേക്കുള്ള ഒരു ചുവടുവെപ്പായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്. ഹരിത കേരളമിഷനാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനു ഈ നേട്ടം കൈവരിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തത്. ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ ഹരിത സ്പര്‍ശമാണ് ജയിലില്‍ ഇത്തരത്തിലുള്ള പരിസ്ഥിതി സംരക്ഷണത്തിനും വികസന പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്. ഹരിത കേരളമിഷന്റെയും നവകേരളം കര്‍മ്മപദ്ധതിയുടെയും സ്റ്റേറ്റ് കോ ഓര്‍ഡിനേറ്ററായ ഡോ. ടി. എന്‍. സീമ 2025 ജനുവരി 20ന് ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടികളുടെയും നിരന്തരമായ തുടര്‍ പ്രവര്‍ത്തനങ്ങുളുടെയും പരിസമാപ്തിയിലാണ് ഈ നേട്ടം.

കഴിഞ്ഞ ഒരു വര്‍ഷമായി ജയിലില്‍ നടപ്പിലാക്കിയ മാതൃക പ്രവര്‍ത്തനങ്ങളുടെ ഫലമാണിത്. ജയില്‍ വകുപ്പ് നടപ്പിലാക്കി വരുന്ന നവീകരണ, തിരുത്തല്‍ പ്രക്രിയയുടെ ഫലമായി ജയിലില്‍ കഴിയുന്ന അന്തേവാസികളുടെ ജീവിതശൈലി കൊണ്ടും മറ്റു ജയിലുകളില്‍ നിന്നും വ്യത്യസ്തമായി ധാരാളം വൃക്ഷങ്ങള്‍ ഉള്ളതും അനുകൂല ഘടകങ്ങള്‍ ആണെങ്കിലും നിരവധി വെല്ലുവിളികള്‍ നേരിട്ടിരുന്നു. സുരക്ഷ മേഖല ആയതിനാല്‍ ധാരാളം ലൈറ്റുകള്‍ ഉള്ളതിനാല്‍ ഉയര്‍ന്ന വൈദ്യുതി ചാര്‍ജും ഏകദേശം ആയിരത്തോളം തടവുകാര്‍ ഉള്ളതിനാല്‍ മാലിന്യ സംസ്‌കരണവും പ്ലാസ്റ്റിക്കിന്റെ അതി പ്രസരവും കൂടാതെ 64 ഓളം പശുക്കളുടെ ചാണകവും വലിയ വെല്ലുവിളി ആയിരുന്നു.ലൈറ്റുകള്‍ മുഴുവന്‍ എല്‍ ഇ ഡി ആക്കിയും പരമാവധി ഫാനുകള്‍ ബി എല്‍ സിസി യിലേക്ക് മാറ്റിയും വൈദ്യുതി ഉപഭോഗത്തില്‍ നിയന്ത്രണവും കുറവും വരുത്തുകയും ചെയ്തു.

ജയിലിലെ കിണറുകള്‍ മുഴുവന്‍ വൃത്തിയാക്കി ദൈനംദിന ജല ആവശ്യങ്ങള്‍ക്ക് കിണര്‍ വെള്ളം ഉപയോഗിച്ചു.ഇതിലൂടെ ഒരു വര്‍ഷം ജല അതോറിറ്റിയുടെ ചാര്‍ജിനത്തില്‍ മാത്രം 34 ലക്ഷം രൂപയുടെ കുറവ് വരുത്തി. പശുക്കളുടെ ചാണകം പൊതുജനങ്ങള്‍ക്കും കൃഷി വകുപ്പിനുമായി വളമായി കൊടുത്തു. ജയിലിലെ ജൈവ മാലിന്യങ്ങള്‍ ബയോഗ്യാസ് പ്ലാന്റിലേക്കു മാറ്റി ബയോഗ്യാസ് ആക്കി. മുഴുവന്‍ അജൈവ മാലിന്യങ്ങളും ജയിലില്‍ തന്നെയുള്ള ഹരിത കര്‍മ്മ സേന തരം തിരിച്ച് ക്ലീന്‍ കേരള കമ്പനിക്കു കൈമാറുകയും ചെയ്തു. ഏറ്റവും പ്രധാന വെല്ലുവിളിയായ മലിന ജല സംസ്‌കരണത്തിനു അന്തേവാസികളുടെ സേവനം ഉപയോഗിച്ച് പരമ്പരാഗത ശൈലിയായ മണലും ചകിരിയും കല്‍ക്കരിയും ഉപയോഗിച്ച് പൂര്‍ണമായും ശുദ്ധീകരിച്ച് പി.എച്ച് വാല്യൂ 7 ആക്കി എല്ലാത്തരം കൃഷികള്‍ക്കും ഉപയോഗിച്ചു.

വൃക്ഷങ്ങളെ സംരക്ഷിച്ചും ജൈവ കൃഷി പ്രോത്സാഹിപ്പിച്ചും സുഗന്ധ വീഥി എന്ന കുറ്റിമുല്ല കൃഷി നടത്തിയും പച്ചത്തുരുത്ത് നിര്‍മ്മിച്ചും ഇത്തരത്തില്‍ നിരവധിയായ മാതൃക പ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് ഈ സ്വപ്ന നേട്ടം കൈവരിച്ചത്.ഉദ്യോഗസ്ഥരും ജീവനക്കാരും അങ്ങേയറ്റം സഹകരിച്ചും മികച്ച പിന്തുണ നല്‍കി. ജയില്‍ സൂപ്രണ്ട് കെ വേണു, ജോയിന്റ് സൂപ്രണ്ടുമാരായ റിനില്‍ കെ.കെ, പ്രവീഷ് ടി. ജെ, വെല്‍ഫയര്‍ ഓഫീസര്‍ രാജേഷ് കുമാര്‍, അസിസ്റ്റന്റ് സൂപ്രണ്ടുമാരായ പി. ടി. സന്തോഷ്, ശ്രീജിത്ത്, വിജയകുമാര്‍, ഹരിത സ്പര്‍ശം കോര്‍ഡിനേറ്റര്‍ എ. കെ ഷിനോജ്, അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍മാരായ അരുണ്‍ കെ.ടി, ബൈജു കെ. കെ, ബിജിത്ത് എന്നിവരും ഹരിത കേരള മിഷന്‍ കണ്ണൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖരന്‍, റിസോഴ്സ് പേഴ്‌സണ്‍ ശ്രീരാഗ് തുടങ്ങിയവരുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.ശിക്ഷാവിധി നടപ്പിലാക്കുന്ന ഒരിടം എന്നതിലുപരി, സമൂഹത്തിന് വലിയൊരു പാഠം നല്‍കുന്ന പരിസ്ഥിതി സൗഹൃദ കേന്ദ്രമായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മാറിയിരിക്കുന്നു. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം വീണ്ടെടുക്കാനുള്ള ശ്രമമാണിത്. തടവുകാര്‍ ഈ ഹരിത പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരുന്നത് വഴി അവര്‍ക്ക് പ്രകൃതിയോടുള്ള കരുതല്‍ വര്‍ദ്ധിക്കുന്നു എന്നതുമാണ് ഇതിന്റെ നേട്ടം. അടുത്ത രണ്ടു മാസം കൊണ്ട് നിലവിലെ 140 കെ വി എ യുടെ സോളാര്‍ പ്ലാന്റ് ഓണ്‍ഗ്രിഡിലേക്ക് മാറ്റുന്നതോടു കൂടി വലിയ അളവ് കാര്‍ബണ്‍ ക്രെഡിറ്റിലേക്ക് വരും. ഇത് ജയിലിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപകരിക്കുന്ന രീതിയിലേക്ക് മാറ്റുന്നതിനുള്ള പദ്ധതികള്‍ വകുപ്പിന്റെ അനുമതിയോടെ സര്‍ക്കാരിലേക്ക് നിര്‍ദ്ദേശിക്കാനും ജയില്‍ അധികൃതര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories