Share this Article
News Malayalam 24x7
വിവാഹമോചനത്തിന് കേസ് നൽകി; ഭാര്യയെ ഭർത്താവ് പെട്രോളൊഴിച്ച് തീകൊളുത്തി; നടുക്കുന്ന സംഭവം കണ്ണൂരിൽ
വെബ് ടീം
posted on 17-08-2026
1 min read
petrolpoured

കണ്ണൂർ: വിവാഹമോചനത്തിന് കേസ് നൽകിയതിലുള്ള വിരോധത്തെ തുടർന്ന് കണ്ണൂരിൽ ഭാര്യയെ ഭർത്താവ് പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കരിവെള്ളൂർ കൂക്കാനത്താണ് നാടിനെ നടുക്കിയ ക്രൂരമായ സംഭവം നടന്നത്. ആക്രമണത്തിൽ ഭാര്യക്കും ഇവരെ രക്ഷിക്കാൻ ശ്രമിച്ച മാതാവിനും ഗുരുതരമായി പൊള്ളലേറ്റു.കൂക്കാനം സ്വദേശി പ്രജിഷ, മാതാവ് പത്മിനി എന്നിവർക്കാണ് പൊള്ളലേറ്റത്. പ്രജിഷയുടെ ഭർത്താവ് സനലാണ് കൊലപാതക ശ്രമം നടത്തിയത്.

ഇരുവരും തമ്മിലുള്ള കുടുംബപ്രശ്നങ്ങളെ തുടർന്ന് കുറച്ചുനാളുകളായി അകന്നു കഴിയുകയായിരുന്നു. ഇതിനിടെ പ്രജിഷ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരുന്നു. ഇതിലുള്ള കടുത്ത വൈരാഗ്യമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. രാത്രിയുടെ മറവിൽ പ്രജിഷയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ സനൽ കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മാതാവ് പത്മിനിക്കും പൊള്ളലേറ്റത്.വീട്ടിൽ നിന്നുള്ള നിലവിളിയും ബഹളവും കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്.

സംഭവത്തിൽ പയ്യന്നൂർ പൊലീസ് വധശ്രമത്തിന് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രജിഷയുടെ വീട്ടിൽ അതിക്രമിച്ചു കയറിയതിനും കൊലപ്പെടുത്താൻ ശ്രമിച്ചതിനുമാണ് സനലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആശുപത്രിയിൽ കഴിയുന്ന സനൽ നിലവിൽ പൊലീസിൻ്റെ കർശന നിരീക്ഷണത്തിലാണ്. ഇയാളുടെ പരിക്ക് ഭേദമാകുന്ന മുറയ്ക്ക് അറസ്റ്റ് ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് കടക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories