തൃശൂർ:പാവറട്ടിയിൽ മകന്‍ അമ്മയെ വെട്ടിക്കൊന്നു. പാവറട്ടി സ്വദേശി ഡോളി (71) ആണ് മകൻ്റെ വെട്ടേറ്റ് മരിച്ചത്. പ്രതിയായ മകന്‍ ബെൻഹറിനെ (46) പാവർട്ടി പൊലീസ് കസ്റ്റഡിയിലെടുത്തു. മാനസിക അസ്വാസ്ഥ്യം ഉള്ളതായി പറയപ്പെടുന്ന പ്രതി ഡോളിയെ വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഡോളിയെ ആദ്യം പാവറട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാവറട്ടി ആശുപത്രിയിൽ എത്തിക്കുമ്പോൾ ഡോളിക്ക് ജീവന്‍ ഉണ്ടായിരുന്നു. എന്നാൽ മെഡിക്കൽ കോളജിൽ എത്തുന്നതിന് മുന്നേ മരണപ്പെട്ടു.
മകനും അമ്മയും തമ്മിൽ ഇടയ്ക്ക് വഴക്കുകൾ നടക്കാറുണ്ടെന്നും മകൻ മാനസികാസ്വാസ്ഥ്യം നേരിടുന്ന ആളാണെന്നും പഞ്ചായത്തംഗം പറഞ്ഞു.ഇവർ ആദ്യം ബെംഗളൂരുവിലാണ്താമസിച്ചിരുന്നത്. പിന്നീട് കോയമ്പത്തൂരിലും താമസിച്ചിരുന്നുവെന്ന വിവരം ലഭിച്ചിട്ടുണ്ട്. ബാങ്ക് മാനേജരായ അച്ഛന്‍ ഹൃദയാഘാതം മൂലമാണ് മരിച്ചത്. പാവറട്ടി സെൻ്ററിൽ നിന്നും 50 മീറ്റർ ദൂരമാണ് ഇവരുടെ വീട്ടിലേക്കുള്ളത്.പ്രതി ലഹരിക്കടിമയാണെന്നും റിപ്പോർട്ടുണ്ട്.
നേരത്തെ കോഴിക്കോട് നിന്നാണ് നടുങ്ങുന്ന വാർത്ത പുറത്തുവന്നത്. കുറ്റിക്കാട്ടൂർ സർവീസ് സ്റ്റേഷന് സമീപം മകൻ്റെ അടിയേറ്റ് അച്ഛന് ദാരുണാന്ത്യം. മക്കിനിയാട്ട് ശശിധരൻ (64) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം. ലഹരി ഉപയോഗിച്ച് എത്തിയ മകൻ അഭിരാം അച്ഛൻ ശശിധരനെ അടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
തലക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ശശിധരനെ ഉടൻതന്നെ മറ്റ് ബന്ധുക്കളും പരിസരവാസികളും ചേർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു