തൃശ്ശൂരില്‍ ഗ്യാസ് സിലിണ്ടര്‍ വിതരണത്തിന്റെ മറവില്‍ രാസലഹരിയായ എം.ഡി.എം.എ. (MDMA) വില്‍പ്പന നടത്തിവന്ന രണ്ടുപേര്‍ അറസ്റ്റില്‍. മുളയം സ്വദേശി വൈശാഖ് (31), പുത്തൂര്‍ സ്വദേശി സുജിത്ത് (28) എന്നിവരെയാണ് തൃശ്ശൂര്‍ സിറ്റി പോലീസ് പിടി കൂടിയത്. ഗ്യാസ് സിലിണ്ടര്‍ ബുക്ക് ചെയ്യുന്ന വ്യാജേന ആവശ്യക്കാര്‍ ബന്ധപ്പെടുമ്പോള്‍ സിലിണ്ടറുകള്‍ക്കൊപ്പം ലഹരിമരുന്ന് എത്തിച്ചു കൊടുക്കൽ ആയിരുന്നു ഇവരുടെ രീതി.
ലഹരിമരുന്ന് വില്‍പ്പനയെക്കുറിച്ച് തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്റെ ഇടപെടല്‍. തുടര്‍ന്ന് ലഹരിവിരുദ്ധ സേന ആവശ്യക്കാരെന്ന വ്യാജേന പ്രതികളെ ഫോണില്‍ ബന്ധപ്പെടുകയും രാസലഹരിയുമായി നടത്തറയിലേക്ക് വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇവര്‍ പറഞ്ഞ സ്ഥലത്ത് ലഹരിയുമായി എത്തിയപ്പോഴാണ് പോലീസ് സംഘം ഇരുവരെയും സാഹസികമായി വളഞ്ഞുപിടികൂടിയത്.
പ്രതികളില്‍ നിന്ന് രണ്ട് ഗ്രാം എം.ഡി.എം.എ.യും ലഹരി കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും ഗ്യാസ് സിലിണ്ടറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ബെംഗളൂരുവില്‍ നിന്നുള്ള ഇടനിലക്കാര്‍ മുഖേനയാണ് ഇവര്‍ തൃശ്ശൂരിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇവരില്‍ നിന്ന് സ്ഥിരമായി ലഹരി വാങ്ങുന്നവരെക്കുറിച്ച് പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ അനു ദാസ്, സബ് ഇൻസ്പെക്ടർ ജെഫിൻ രാജു , അസി: സബ് ഇൻസ്പെക്ടർമാരായ പ്രസാദ്, സുനിൽകുമാർ, പ്രദീപ്, സിവിൽ പോലീസ് ഓഫീസർമാരായ ഷിന്റോ , രാഹുൽ ,സിയോൺ, രഞ്ജിനി എന്നിവരാണ് ഉണ്ടായിരുന്നത്.