കൊച്ചി: വെൽഫെയർ പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ബിൽക്കീസ് ബാനോ. തന്നെ ചടങ്ങിലേക്ക് ക്ഷണിച്ചതിൽ ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന് നന്ദി പറയുന്നുവെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അവർ പറഞ്ഞു.ഒരു ദിവസം താനും കുടുംബവും ഉറക്കമുണർന്നത് ഭയാനകമായൊരു ദുഃസ്വപ്നത്തിലേക്കായിരുന്നുവെന്ന് ബിൽക്കീസ് ഓർത്തെടുത്തു. ആ ദുരന്തത്തിന് ഉത്തരവാദികളായവർ ഇന്നും തങ്ങളെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഗുജറാത്തിൽ തങ്ങൾ കണ്ടതും അനുഭവിച്ചതുമായ ക്രൂരതകൾ ഇന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആവർത്തിക്കുകയാണ്. നീതി തേടി രാജ്യത്തുടനീളം അലയേണ്ടിവരുന്ന അവസ്ഥയാണ് തനിക്കുള്ളതെന്നും അവർ പറഞ്ഞു.
ഈ കാലയളവിനിടെ നിരവധി വീടുകൾ മാറിത്താമസിക്കേണ്ടിവന്നു. തങ്ങളെ ആക്രമിച്ച കാലത്ത് ഗുണ്ടകളും ക്രിമിനലുകളുമായിരുന്നു അക്രമികൾക്കൊപ്പമുണ്ടായിരുന്നതെങ്കിൽ ഇന്ന് പൊലീസും ഉദ്യോഗസ്ഥരും ഭരണസംവിധാനവും ചേർന്നാണ് അവരുടെ താൽപര്യങ്ങൾ നടപ്പാക്കിക്കൊടുക്കുന്നത്. തന്നെ ആക്രമിച്ച കേസിലെ രണ്ട് പ്രതികളുടെ ശിക്ഷ സുപ്രിംകോടതി കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത് വലിയ ഞെട്ടലുണ്ടാക്കിയ അനുഭവമായിരുന്നു. അവസാന പ്രതീക്ഷയായ നീതിന്യായ സംവിധാനത്തിൽനിന്നുപോലും നിരാശ നേരിടേണ്ടിവരുന്നത് വേദനാജനകമാണെന്നും ബിൽക്കീസ് പറഞ്ഞു.
എന്നാൽ, ഈ അന്ധകാരകാലത്തും കേരളത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരളത്തിലെത്തിയതു മുതൽ ലഭിച്ച സ്നേഹവും പരിഗണനയും ഏറെ സന്തോഷം പകരുന്നതാണ്. ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നമായി കാണാനാണ് ആഗ്രഹിക്കുന്നത്. ആരോടും പ്രതികാരം ചെയ്യണമെന്ന് ഒരിക്കലും തോന്നിയിട്ടില്ല. തനിക്ക് വേണ്ടത് പ്രതികാരമല്ല, സ്വാഭാവിക നീതിയാണ്. നീതിക്കായുള്ള ഈ പോരാട്ടത്തിൽ എല്ലാവരും ഒപ്പമുണ്ടാകണമെന്നും ബിൽക്കീസ് ബാനോ അഭ്യർഥിച്ചു.ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബത്തിലെ 14 പേരെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത കേസില്‍ ജീവപര്യന്തം അനുഭവിച്ചിരുന്ന രണ്ടു പേരുടെ ശിക്ഷാവിധി സുപ്രീം കോടതി അടുത്തിടെ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. പ്രതികളെ മോചിപ്പിച്ച നടപടി െഞട്ടിക്കുന്നതാണെന്നും നിയമപോരാട്ടം തുടരുമെന്നും ബിൽക്കീസ് ബാനോ പ്രതികരിച്ചു. പ്രതികൾ പുറത്തിറങ്ങിയ സാഹചര്യത്തിൽ ബിൽക്കീസ് ബാനോയും കുടുംബവും ഈ മാസമാദ്യം ഗുജറാത്ത് വിട്ടിരുന്നു.