കോഴിക്കോട്: റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. മാമിയെ തടവിൽ പാർപ്പിക്കുക എന്ന ലക്ഷ്യത്തോടെ തട്ടിക്കൊണ്ടുപോയതാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.നേരത്തെ തിരോധാനക്കേസായി അന്വേഷിച്ചിരുന്ന സംഭവത്തിൽ തട്ടിക്കൊണ്ടുപോകൽ അടക്കമുള്ള പുതിയ വകുപ്പുകൾ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. 2023 ഓഗസ്റ്റ് 21-നാണ് കോഴിക്കോട്ടുനിന്നും മാമിയെ കാണാതായത്.
വൈകീട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞ് ഇറങ്ങിയ മാമി പിന്നീട് മടങ്ങിയെത്തിയില്ല. തുടർന്ന് കുടുംബം പരാതി നൽകുകയായിരുന്നു. കാണാതാകുന്നതിന് തൊട്ടുമുമ്പ് അരയിടത്തുപാലം മുതൽ തലക്കുളത്തൂർ വരെയുള്ള ടവർ ലൊക്കേഷനുകളിൽ മാമി എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.