Share this Article
'ആളുമാറി ഇ.ഡി റെയ്ഡ്'; മറ്റൊരാളെ തേടിയെന്ന് ആക്ഷേപം, തള്ളി ഇ.ഡി, ആരോപണം ഉയര്‍ത്തിയ നൗഷാദ് കസ്റ്റഡിയില്‍
വെബ് ടീം
2 hours 39 Minutes Ago
1 min read
ed raid

കോഴിക്കോട്: കൊയിലാണ്ടിയിലെ ഇ.ഡി റെയ്ഡ് വിവാദത്തില്‍ ട്വിസ്റ്റ്. കൊയിലാണ്ടിയില്‍ ആളുമാറി റെയ്ഡ് എന്ന ആരോപണം ഉയര്‍ത്തിയ നൗഷാദ് കസ്റ്റഡിയില്‍. കൂടുതല്‍ രേഖകള്‍ പരിശോധിക്കണമെന്ന് ഇഡി ആവശ്യപ്പെട്ടു. നൗഷാദിന്റെ വീടിനു മുന്നിൽ പ്രതിഷേധവുമായി നാട്ടുകാരെത്തിയിരുന്നു. ഇ.ഡിക്കെതിരെ മാനനഷ്ട കേസ് നൽകുമെന്ന് നൗഷാദ് പറഞ്ഞു. എന്നാല്‍ ആളു മാറിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ഇ.ഡി. കൂടുതൽ വിശദീകരണം നടത്താൻ കഴിയില്ലെന്നും ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു. 

സ്വർണക്കടത്ത് ഹവാല ഇടപാടുകളില്‍ ഇ.ഡിയുടെ സംസ്ഥാനവ്യാപക പരിശോധന ഇന്ന് നടന്നു. കോഴിക്കോട് കണ്ണൂർ, കാസർകോട്, തിരുവനന്തപുരം ജില്ലകളിലെ 12 ഇടങ്ങളിലാണ് പരിശോധന. വിദേശനാണ്യ വിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് റജിസ്റ്റർചെയ്ത കേസിലാണ് നിലവിൽ പരിശോധന പുരോഗമിക്കുന്നത്.

സംസ്ഥാനത്തുനിന്ന് ഹവാല വഴി പണം കടത്തുന്ന പ്രധാന കുഴൽപണക്കാരെയും, സ്വർണക്കടത്തിന് സാമ്പത്തിക സഹായം നൽകുന്നവരെയും കേന്ദ്രീകരിച്ചാണ് ഇ.ഡി.അന്വേഷണം. ഇഡി ഇന്റലിജൻസ് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നേരത്തെ ഫെമ കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിലാണ് 12 ഇടങ്ങളിൽ പരിശോധന.

കാസർഗോഡ് ജില്ലയിൽ പ്രവാസി വ്യവസായികളായ തളങ്കര ബാംഗോഡ് സ്വദേശി അഹമ്മദ് സമീർ, ചെമ്പിരിക്ക  സ്വദേശി ഷാഫി എന്നിവരുടെ വീടുകളിൽ ആണ് രാവിലെ 5 മണിയോടെ പരിശോധന ആരംഭിച്ചത്. 

കോഴിക്കോട് കൊയിലാണ്ടി സ്വദേശി നൗഷാദ് വളപ്പിലിന്റെ വീട്ടിലും കുന്ദമംഗലം സ്വദേശി ജൗഹറിന്റെ വീട്ടിലും ആണ് പരിശോധന. കണ്ണൂർ ഇരിവേരിയിൽ മുഹമ്മദ് വലീദ് പാലപ്പെട്ടി എന്നയാളുടെ വീട്ടിലാണ് പരിശോധന. മലപ്പുറത്ത് സ്ഥിരതാമസമുള്ള ഇയാളുടെ, മാതൃസഹോദരിയുടെ വീട്ടിലാണ് ഇ.ഡി ഉദ്യോഗസ്ഥർ എത്തിയത്.

എന്നാൽ വീട്ടിൽ ആളുണ്ടായിരുന്നില്ല. പിന്നീട് താക്കോൽ എത്തിച്ച് തുറന്ന് പരിശോധന നടത്തുകയായിരുന്നു. തിരുവനന്തപുരത്ത് മൂന്നിടങ്ങളിൽ പരിശോധന നടക്കുന്നു എന്നാണ് വിവരം. പരിശോധനക്ക് പിന്നാലെ ബന്ധപ്പെട്ടവരെ ഇഡി ഉടൻ ചോദ്യം ചെയ്യാൻ വിളിക്കും.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories