പൊലീസിന്റെ പ്രാഥമിക അന്വേഷണ പ്രകാരം, വീട്ടിലുണ്ടായിരുന്ന സ്വർണം കവർച്ച ചെയ്യുന്നതിനായി 13കാരി സുഹൃത്തുക്കളായ മൂന്ന് പേർക്കു സഹായം അഭ്യർഥിക്കുകയായിരുന്നു. ഐഫോൺ വാങ്ങാനായിരുന്നു പെൺകുട്ടിയുടെ ലക്ഷ്യമെന്നും, മറ്റ് മൂന്ന് പേർക്കും ബൈക്ക് വാങ്ങുന്നതിനുള്ള പണം കണ്ടെത്താനുമാണ് കവർച്ച ആസൂത്രണം ചെയ്തതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ശിവൻകുട്ടിയെ തിങ്കളാഴ്ച വീട്ടിൽ കൈകളും കാലുകളും കെട്ടിയ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവം നടക്കുമ്പോൾ വീട്ടിൽ ശിവൻകുട്ടിയും 13കാരിയും മാത്രമാണ് ഉണ്ടായിരുന്നത്. പെൺകുട്ടിയുടെ അമ്മയും അമ്മൂമയും വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നതിനാൽ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
ഞായറാഴ്ച കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ പെൺകുട്ടി, തുടർന്ന് രാത്രിയിൽ സുഹൃത്തുക്കളായ മൂന്ന് പേരെ വീട്ടിലെത്തിച്ചെന്നാണ് പൊലീസ് പറയുന്നത്. തുടർന്ന് ശിവൻകുട്ടിയെ ആക്രമിച്ച് കൊലപ്പെടുത്തുകയും വീട്ടിലെ സ്വർണം കവർന്നെടുക്കുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കൊലപാതകം നടക്കുന്നതിനിടെ വീഡിയോ കോളിലൂടെ ദൃശ്യങ്ങൾ 13കാരിയെ പ്രതികൾ കാണിച്ചുവെന്നും പൊലീസ് വെളിപ്പെടുത്തി. പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്.
സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്തവരായതിനാൽ നിയമപ്രകാരം അവരുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.