Share this Article
News Malayalam 24x7
ആറ്റുകാല്‍ പൊങ്കാല മഹോത്സവം; കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ മോഹന്‍ലാല്‍ നിര്‍വ്വഹിച്ചു
Actor Mohanlal

അനന്തപുരിയുടെ പുണ്യമായ ആറ്റുകാൽ ദേവീ ക്ഷേത്രത്തിന്റെ തിരുമുറ്റത്ത് വികാരാധീനനായി നടൻ മോഹൻലാൽ. ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ആറ്റുകാൽ ക്ഷേത്രം വെറുമൊരു ആരാധനാലയമല്ലെന്നും ജീവിതത്തിലെ ഏറ്റവും വലിയ വികാരമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ വെച്ച് ഈ വർഷത്തെ 'അംബ പുരസ്കാരം' മോഹൻലാൽ ഏറ്റുവാങ്ങി.

തന്റെ അഭിനയ ജീവിതവും ദാമ്പത്യ ജീവിതവും ആറ്റുകാൽ അമ്മയുടെ സന്നിധിയിൽ നിന്നാണ് ആരംഭിച്ചതെന്ന് മോഹൻലാൽ അനുസ്മരിച്ചു.

"എന്റെ ജീവിതത്തിലെ ഏറ്റവും നിർണ്ണായകമായ രണ്ട് സംഭവങ്ങൾ നടന്നത് ഇവിടെയാണ്. 1978 സെപ്റ്റംബർ 3-ന് ഞാൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ 'തിരനോട്ടം' എന്ന സിനിമയുടെ പൂജ നടന്നത് ഈ തിരുനടയിൽ വെച്ചായിരുന്നു. പത്തുവർഷത്തിന് ശേഷം 1988 ഏപ്രിൽ 28-ന് സുചിത്രയുടെ കഴുത്തിൽ ഞാൻ താലി കെട്ടിയതും ഈ ദേവീ സന്നിധിയിൽ വെച്ചാണ്. 36 വർഷത്തെ ഞങ്ങളുടെ ദാമ്പത്യത്തിന് എല്ലാം അമ്മയുടെ അനുഗ്രഹമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു," മോഹൻലാൽ പറഞ്ഞു.


അടുത്തിടെ അന്തരിച്ച തന്റെ അമ്മ ശാന്തകുമാരിയെക്കുറിച്ചുള്ള ഓർമ്മകൾ മോഹൻലാലിനെ ഏറെ വികാരാധീനനാക്കി. തന്റെ അമ്മ ആറ്റുകാൽ അമ്മയുടെ വലിയൊരു ഭക്തയായിരുന്നുവെന്നും, ഇന്ന് താൻ ഈ ചടങ്ങിൽ നിൽക്കുന്നത് കാണാൻ അമ്മയുണ്ടായിരുന്നെങ്കിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആറ്റുകാൽ പൊങ്കാല ദിവസം ഈ പ്രദേശം മുഴുവൻ ഭക്തരെക്കൊണ്ട് നിറയുമ്പോൾ അമ്മയും അതിലൊരാളായി മാറുമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു.


"തിരുവനന്തപുരത്തുകാർക്ക് ആറ്റുകാൽ ഒരു വികാരമാണ്. പൊങ്കാല ദിവസം ഈ ചുറ്റുപാടും അടുപ്പുകളും ഭക്തരും നിറയുന്നത് കാണുമ്പോൾ കിട്ടുന്ന ആത്മീയ അനുഭവം വാക്കുകൾക്ക് അതീതമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. 'അമ്മേ ശരണം, ദേവീ ശരണം' എന്ന മന്ത്രോച്ചാരണങ്ങളോടെയാണ് മോഹൻലാൽ തന്റെ പ്രസംഗം ആരംഭിച്ചതും അവസാനിപ്പിച്ചതും.ചടങ്ങിൽ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. ലാലിനെ കാണാൻ ആയിരക്കണക്കിന് ആരാധകരും ഭക്തരുമാണ് ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories