Share this Article
News Malayalam 24x7
ഗുരുവായൂര്‍ ഉത്സവചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം
Guruvayur Temple Festival Starts Today

ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പത്തുദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തിന് ഇന്ന് തുടക്കമാകും. ഉത്സവത്തിന് വിളംബരം കുറിക്കുന്ന പ്രസിദ്ധമായ ആനയോട്ടം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നടക്കും. രാവിലെ നടക്കുന്ന ആനയില്ലാത്ത ശീവേലിക്ക് ശേഷമാണ് ആനയോട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കുക.

നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ബാലു, കൃഷ്ണനാരായണൻ, രവികൃഷ്ണൻ എന്നീ മൂന്ന് ആനകളാണ് ഇത്തവണ ആനയോട്ടത്തിന്റെ മുന്നനിരയിൽ അണിനിരക്കുന്നത്. ഇവരെ കൂടാതെ ഗോപികൃഷ്ണൻ, സിദ്ധാർത്ഥൻ എന്നീ ആനകളെ കരുതൽ ആനകളായും നിശ്ചയിച്ചിട്ടുണ്ട്. ആനകളും ജനങ്ങളും തമ്മിൽ സുരക്ഷിതമായ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും ആനയോട്ടം സംഘടിപ്പിക്കുക. മഞ്ജുളാൽ പരിസരത്തുനിന്നാണ് ആനയോട്ടം ആരംഭിക്കുന്നത്.


ആനയോട്ടത്തിന് പിന്നാലെ വൈകിട്ട് ഭഗവത് സാന്നിധ്യത്തിൽ ഉത്സവത്തിന് കൊടിയേറും. പത്തുദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളാണ് ദേവസ്വം ഒരുക്കിയിരിക്കുന്നത്. കേരളത്തിന്റെ തനതായ നാടൻ അനുഷ്ഠാന കലകൾക്കൊപ്പം ആയിരത്തോളം സംഘങ്ങൾ പങ്കെടുക്കുന്ന വമ്പിച്ച തിരുവാതിര കളിയും ഇത്തവണത്തെ ഉത്സവത്തിന് മാറ്റുകൂട്ടും.

ദേശീയ-സംസ്ഥാന തലങ്ങളിൽ ശ്രദ്ധേയരായ പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത കച്ചേരികൾ, നൃത്തങ്ങൾ, മറ്റ് വിവിധ കലാപരിപാടികൾ എന്നിവ പത്തുദിവസവും ക്ഷേത്ര പരിസരത്തെ വിവിധ വേദികളിലായി അരങ്ങേറും. ഉത്സവത്തോടനുബന്ധിച്ച് ദർശനത്തിനെത്തുന്ന ഭക്തർക്കായി വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടുള്ളത്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories