നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി സ്കൂൾ വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കൊട്ടാരക്കര നീലേശ്വരത്ത് ചൊവ്വാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. ബസ് കാത്തുനിൽക്കുകയായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു.
കുടവട്ടൂർ സ്വദേശിയും ട്യൂട്ടോറിയൽ അധ്യാപകനുമായ ഹരിലാൽ, നീലേശ്വരം കാർമൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിവ്, മുക്കോണിമുക്ക് സ്വദേശിയും ചടയമംഗലം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മെക്കാനിക്കുമായ അജയകുമാർ എന്നിവരാണ് മരണപ്പെട്ടത്. തന്റെ മകനെ സ്കൂൾ ബസിൽ കയറ്റിവിടാൻ ബസ് സ്റ്റോപ്പിലെത്തിയതായിരുന്നു അജയകുമാർ.
രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. മണ്ണുമായി അമിതവേഗതയിൽ വന്ന ടിപ്പർ ലോറി, മുന്നിലുണ്ടായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടർന്ന് ബൈക്കിലിടിച്ച ശേഷം സമീപത്തെ കരിങ്കൽ മതിലും ബസ് സ്റ്റോപ്പും തകർത്ത് ലോറി മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന മണ്ണും കരിങ്കല്ലും ബസ് കാത്തുനിന്നവരുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.
അപകടസമയം പതിനഞ്ചോളം പേർ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. ലോറി പാഞ്ഞു വരുന്നത് കണ്ട് ഭൂരിഭാഗം ആളുകളും ഓടിമാറിയതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. മണ്ണിനടിയിൽപ്പെട്ട എട്ടുപേരെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് ജെ.സി.ബി ഉപയോഗിച്ചാണ് പുറത്തെടുത്തത്.
പരിക്കേറ്റ അഞ്ച് പേരിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കേറ്റ മറ്റ് നാല് വിദ്യാർത്ഥികളും പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.