Share this Article
News Malayalam 24x7
കോഴിക്കോട് വീണ്ടും ഷിഗെല്ല; ഏഴ് വയസുകാരിക്കാണ് രോഗബാധ
Shigella Case Reported in Kozhikode

കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. നാദാപുരം ഗ്രാമപഞ്ചായത്തിലെ കുമംകോട് സൗത്ത് ഇരുപതാം വാർഡിലെ ഏഴ് വയസ്സുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത വയറിളക്കവും പനിയും ബാധിച്ചതിനെ തുടർന്ന് കുട്ടിയെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിലും തുടർന്ന് വടകരയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്രവത്തിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ചികിത്സയ്ക്ക് ശേഷം രോഗം ഭേദമായ കുട്ടി ആശുപത്രി വിട്ടു.


കുട്ടിയും കുടുംബാംഗങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ ഒരുമിച്ച് യാത്ര പോയിരുന്നതായും ഈ യാത്രയ്ക്കിടയിൽ പുറത്തുനിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നോ കുടിച്ച വെള്ളത്തിൽ നിന്നോ ആകാം രോഗബാധ ഉണ്ടായതെന്നുമാണ് ആരോഗ്യവകുപ്പിന്റെ പ്രാഥമിക നിഗമനം. പ്രതിരോധ നടപടിയുടെ ഭാഗമായി കുട്ടിയുടെ കുടുംബാംഗങ്ങളുടെ സ്രവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും നിലവിൽ ആർക്കും രോഗലക്ഷണങ്ങളില്ല.


രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് കിണറുകൾ ക്ലോറിനേറ്റ് ചെയ്യുന്നതടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചു. കഴിഞ്ഞ ദിവസം മാവൂരിൽ പനി ബാധിച്ച് മരിച്ച 54-കാരിക്കും ഷിഗെല്ല ബാധ സ്ഥിരീകരിച്ചിരുന്നു. പ്രായഭേദമന്യേ പടർന്നുപിടിക്കാൻ സാധ്യതയുള്ളതിനാൽ കുടിവെള്ളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തണമെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കണമെന്നും ആരോഗ്യവകുപ്പ് കർശന നിർദ്ദേശം നൽകി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories