Share this Article
News Malayalam 24x7
വാഹന പരിശോധനക്കിടെ ദാരുണ അപകടം; 2 പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി
വെബ് ടീം
posted on 20-06-2026
1 min read
police

കാസർഗോഡ്: കാഞ്ഞങ്ങാട് ഹൈവേ പട്രോളിങ്ങിനിടെ അമിതവേഗത്തിലെത്തിയ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ രണ്ട് സിവിൽ പൊലീസ് ഓഫിസർമാരുടെ കാലുകൾ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റി. ഹൊസ്ദുർഗ് സ്റ്റേഷനിലെ പൊലീസുകാരായ സൂരജ് (32), അലോഷ്യസ് (39) എന്നിവരുടെ കാലുകളാണ് മംഗളൂരുവിലെ തേജസ്വിനി ആശുപത്രിയിൽ വച്ച് മുറിച്ചുമാറ്റിയത്.

അപകടത്തിൽ ഇരുവരുടെയും കാലുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അടിയന്തരമായി ശസ്ത്രക്രിയ നടത്തിയെങ്കിലും കാലുകൾ മുറിച്ചുമാറ്റിയില്ലെങ്കിൽ അണുബാധയുണ്ടായി മറ്റ് അവയവങ്ങളെ കൂടി ബാധിക്കുമെന്നതിനാലാണ് ഡോക്ടർമാർ ഈ വേദനജനകമായ തീരുമാനമെടുത്തത്. നിലവിൽ ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഉദ്യോഗസ്ഥരിൽ ഒരാളുടെ കാൽ മുട്ടിന് താഴെ വച്ചും മറ്റൊരാളുടെ കാൽപ്പാദവുമാണ് മുറിച്ചു മാറ്റിയത്.

വ്യാഴാഴ്ച ഐങ്ങോത്ത് വാഹന പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്. ദേശീയപാതയോരത്ത് അപകടസാധ്യതയുയർത്തി പാർക്ക് ചെയ്ത ലോറികളെ അവിടെ നിന്ന് മാറ്റാൻ നിർദേശിക്കുകയായിരുന്നു പൊലീസുകാർ. ഈ സമയത്ത് കാഞ്ഞങ്ങാടുനിന്ന് കണ്ണൂരിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടമുണ്ടാക്കിയത്. അമിതവേഗത്തിലായിരുന്ന കാർ ഉദ്യോഗസ്ഥരെ ഇടിച്ചശേഷം പൊലീസ് ജീപ്പിന്റെ പിന്നിൽ ഇടിച്ചാണ് നിന്നത്. പൊലീസ് ഉദ്യോഗസ്ഥർ പൊലീസ് ജീപ്പിനും കാറിനും ഇടയിൽപെട്ടു.പൊലീസ് ക്ലബ്ബിലെ മുൻ ഫുട്ബോൾ താരം കൂടിയാണ് സൂരജ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories