ഗവിയിൽ അങ്കണവാടി ജീവനക്കാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഇരയുടെ കുടുംബത്തിന് 11 ലക്ഷം രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ, കൊല്ലപ്പെട്ട യുവതിയുടെ കുട്ടിയുടെ തുടർപഠന ചെലവുകൾ കോന്നി എം.എൽ.എ കെ.യു ജനീഷ് കുമാർ ഏറ്റെടുക്കുമെന്നും അറിയിച്ചു.
കേരള ഫോറസ്റ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷനും (കെ.എഫ്.ഡി.സി) പെരിയാർ ടൈഗർ റിസർവും അഞ്ച് ലക്ഷം രൂപ വീതവും, പത്തനംതിട്ട ജില്ലാ കളക്ടർ സ്വന്തം ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപയും ചേർത്താണ് 11 ലക്ഷം രൂപ അടിയന്തര ധനസഹായം അനുവദിച്ചിരിക്കുന്നത്. കുടുംബത്തിന് കൂടുതൽ ധനസഹായം ലഭ്യമാക്കാനുള്ള പ്രത്യേക ശുപാർശ ഉടൻ തന്നെ സർക്കാർ തലത്തിൽ സമർപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. പത്തനംതിട്ട ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സംഭവസ്ഥലം സന്ദർശിച്ച് കുടുംബാംഗങ്ങളെ കണ്ടതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്.
ഗവി ഉൾപ്പെടുന്ന പ്രദേശം കോന്നി നിയോജക മണ്ഡലത്തിന്റെ പരിധിയിലായതിനാലാണ് കുട്ടിയുടെ മുഴുവൻ വിദ്യാഭ്യാസ ചുമതലകളും കെ.യു ജനീഷ് കുമാർ എം.എൽ.എ ഏറ്റെടുത്തത്. കേസിലെ പ്രതിയെ പൊലീസ് നേരത്തെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. പത്തനംതിട്ടയിൽ നിന്നും 150 കിലോമീറ്ററോളം ദൂരെയുള്ള ഗവിയിലെ ഉൾവനത്തിലാണ് കൊലപാതകം നടന്നത്. ആദിവാസികളും ശ്രീലങ്കൻ തമിഴ് പുനരധിവാസ കുടുംബങ്ങളുമാണ് ഈ വനമേഖലയിൽ കൂടുതലായും താമസിക്കുന്നത്. ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത മൂലം വനപാതകളിലൂടെ പ്രദേശവാസികൾക്ക് നടന്നുപോകേണ്ടി വരുന്ന സാഹചര്യമുണ്ട്. ഈ മേഖലയിൽ പൊലീസ് നിരീക്ഷണവും സുരക്ഷാ ക്രമീകരണങ്ങളും വർദ്ധിപ്പിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.