Share this Article
News Malayalam 24x7
നമ്പറുകള്‍ മാറിപ്പോയതെന്ന് നിഗമനം, പരാതി ലഭിച്ചാല്‍ കല്ലറ തുറന്ന് പരിശോധിക്കുമെന്ന് പൊലീസ്
വെബ് ടീം
3 hours 21 Minutes Ago
1 min read
vaniyappara

കണ്ണൂർ: ഇരിട്ടി വാണിയപ്പാറ ഉണ്ണിമിശിഹ പള്ളി സെമിത്തേരിയില്‍ പായയില്‍ പൊതിഞ്ഞ മൃതദേഹമെന്ന് കരുതുന്ന വസ്തു കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പൊലീസ്. സെമിത്തേരി നവീകരണത്തിന്റെ ഭാഗമായി കല്ലറയുടെ നമ്പറുകള്‍ മാറിയതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും പൊലീസ് പറഞ്ഞു. 2006ലും 2015 ലും കല്ലറയില്‍ മൃതദേഹങ്ങള്‍ സംസ്‌കരിച്ചിരുന്നു. ഇതില്‍ 2015ല്‍ പായയോടെയാണ് മൃതദേഹം സംസ്‌കരിച്ചത്. ഇതിന്റെ ഫോട്ടോഗ്രാഫ് പൊലീസിന് ലഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ മൃതദേഹമാണ് പായയില്‍ പൊതിഞ്ഞ് സംസ്‌കരിച്ചിരുന്നത്.മൃതദേഹം സംസ്‌കരിക്കാനായി കല്ലറ തുറന്നപ്പോഴാണ് നേരത്തെ അടക്കിയ മൃതദേഹത്തിനൊപ്പം പായയില്‍ പൊതിഞ്ഞ നിലയില്‍ ദുരൂഹമായ വസ്തു കണ്ടെത്തിയത്. ഈ മാസം പതിമൂന്നിന് ഇടവകാംഗത്തിന്റെ സംസ്‌കാരത്താനായി കല്ലറ തുറന്നപ്പോഴാണ് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹത്തിന് സമാനമായ വസ്തു കണ്ടെത്തിയത്.

അതേ സമയം  പരാതി ലഭിച്ചാല്‍ കല്ലറ തുറന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ഈ കല്ലറയില്‍ അടക്കിയവരുടെ ബന്ധുക്കള്‍ കല്ലറ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇനിയും സംശയമുണ്ടെങ്കില്‍ പുറത്തെടുത്ത് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

നേരത്തെ അടക്കിയ ഒരു മൃതദേഹ അവശിഷ്ടത്തിന് ഒപ്പമായിരുന്നു മറ്റൊരു മൃതദേഹത്തിന് സമാനമായ വസ്തു കണ്ടെത്തിയത്. ഉടന്‍ തന്നെ പള്ളി ഭാരവാഹികള്‍ പൊലീസിനെ വിവരമറിയിച്ചു. ക്രിസ്തീയ ആചാര പ്രകാരം പായയില്‍ പൊതിഞ്ഞ് മൃതദേഹം അടക്കാറില്ലെന്നും അന്വേഷണത്തിലൂടെ ദുരൂഹത നീക്കാനാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും പള്ളി വികാരി ഫാദര്‍ ജില്‍ബര്‍ട്ട് കൊന്നയില്‍ പറഞ്ഞു.നേരത്തെ 2006ല്‍ മരിച്ച റോസമ്മ, 2015ല്‍ മരിച്ച ജെയ്‌സണ്‍ എന്നിവരുടെ മൃതദേഹങ്ങളാണ് ഈ കല്ലറയില്‍ അടക്കിയിരുന്നത്. പ്ലാസ്റ്റിക് പായ ഉപയോഗിച്ചത് ആദ്യം അടക്കം ചെയ്ത റോസമ്മയുടെ ശവപ്പെട്ടിക്കൊപ്പം ആണ് എന്നാണ് പൊലീസിന്റെ അനുമാനം. സംസ്‌കാരസമയത്തുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പൊലീസ് നിഗമനത്തിലേക്ക് എത്തിയത്. എന്നാല്‍ അതേസമയം, ഒരേ കല്ലറയില്‍ ആദ്യത്തെ ശരീര അവശിഷ്ടം മാറ്റാതെ എങ്ങനെ രണ്ടാമത്തേത് അടക്കം ചെയ്തു എന്നതാണ് ഉത്തരം കിട്ടാത്ത ചോദ്യം. 

പ്രദേശവാസിയായ ജില്‍സ് ഉണ്ണിമാക്കലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories