കൊച്ചി: പെൺകുട്ടികൾ താമസിക്കുന്ന ഫ്ലാറ്റിൽ പുലർച്ചെ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചതായി പരാതി. എറണാകുളം സൗത്തിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമുള്ള ഫ്ലാറ്റിൽ തിങ്കളാഴ്ച പുലർച്ചെ നാലേകാലോടെയായിരുന്നു സംഭവം. ജോലി ആവശ്യങ്ങൾക്കായി കൊച്ചിയിലെത്തിയ 5 പെൺകുട്ടികൾ താമസിച്ചിരുന്ന മുറിയിലാണ് അജ്ഞാതനായ അക്രമി കയറിയത്. സംഭവത്തിൽ കടവന്ത്ര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പുലർച്ചെ ഉറങ്ങിക്കിടക്കുമ്പോൾ ദേഹത്ത് ആരോ സ്പർശിക്കുന്നതായി തോന്നി പെട്ടെന്ന് ഉണർന്നപ്പോഴാണ് ഒരാൾ ശരീരത്തിൽ കയറിയിരുന്ന് ഉപദ്രവിക്കാൻ ശ്രമിക്കുന്നത് കണ്ടതെന്ന് പരാതിക്കാരിയായ യുവതി പറയുന്നു. പരിഭ്രാന്തയായ യുവതി ബഹളം വെച്ച് നിലവിളിച്ചതോടെ അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ഫ്ലാറ്റിന്റെ പ്രധാന വാതിലും ബാൽക്കണി വാതിലും പൂട്ടാത്ത നിലയിലായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്നു. ബാൽക്കണി വാതിലിലൂടെയാണ് പ്രതി പുറത്തേക്ക് ഓടിയത്.
സംഭവത്തിന് ശേഷം മുറി പരിശോധിച്ചപ്പോഴാണ് തറയിൽ രക്തക്കറകളും അലമാരകൾ തുറന്നിട്ട നിലയിലും കണ്ടെത്തിയത്. എന്നാൽ മേശപ്പുറത്ത് ഉണ്ടായിരുന്ന പേഴ്‌സോ മറ്റ് വിലപിടിപ്പുള്ള സാധനങ്ങളോ അക്രമി കൈവശപ്പെടുത്തിയിട്ടില്ല.തറയിൽ കണ്ടെത്തിയ രക്തക്കറകൾ താമസക്കാരായ പെൺകുട്ടികൾ തന്നെ ശേഖരിച്ച് പോലീസിന് കൈമാറി