Share this Article
വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്: 'മികച്ച യുവകർഷകൻ' അവാർഡ് ജേതാവ് പിടിയിൽ
വെബ് ടീം
0 hours 50 Minutes Ago
1 min read
dani

കൊച്ചി: വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് കർണാടകയിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിച്ചിരുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ. ഹരിപ്പാട് പായിപ്പാട് വയ്യാപുരം വില്ലേജ് പറയ്യിൽ വീട്ടിൽ 'ഡാനി' എന്നുവിളിക്കുന്ന ധനേഷ് എസ്. നായർ (31) ആണ് അറസ്റ്റിലായത്. ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ അങ്കമാലിയിൽവെച്ച് കസ്റ്റഡിയിലെടുത്തത്.

2023-ൽ മികച്ച യുവകർഷകനുള്ള പുരസ്‌കാരം നേടിയിട്ടുള്ള ആളാണ് ധനേഷ്. അങ്കമാലിയിൽവെച്ച് പിടിയിലാകുമ്പോൾ പ്രതിയിൽനിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വാഴക്കുലകൾക്കുള്ളിൽ ലഹരിമരുന്ന് ഒളിപ്പിക്കുന്ന രീതികൾ വ്യക്തമാക്കുന്ന ദൃശ്യങ്ങളും വീഡിയോകളും പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് പൊലീസ് കണ്ടെടുത്തു.

ആലുവയിൽ 185 ഗ്രാം എംഡിഎംഎയുമായി ഹരികൃഷ്ണൻ എന്ന യുവാവിനെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ലഹരിവിതരണ ശൃംഖലയുടെ പ്രധാന കണ്ണിയായ ധനേഷിലേക്ക് പോലീസിനെ എത്തിച്ചത്. തുടർന്ന് എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ് സുദർശന്റെ മേൽനോട്ടത്തിൽ തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.

നിലവിൽ മൈസൂരിനടുത്തുള്ള നഞ്ചൻഗുഡുവിലാണ് ധനേഷ് താമസിക്കുന്നത്. ഇവിടെ ഇയാൾക്ക് വലിയ വാഴത്തോട്ടവും കൃഷിയിടങ്ങളുമുണ്ട്. ഈ കൃഷിയിടങ്ങളുടെ മറവിലാണ് ബംഗളൂരു, മൈസൂരു മേഖലകൾ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് വൻതോതിൽ ലഹരിമരുന്ന് കടത്തിയിരുന്നത്. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories