സെക്രട്ടേറിയറ്റിന് മുന്നിൽ എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരപ്പന്തൽ നീക്കം ചെയ്യാൻ പൊലീസ് നൽകിയ 24 മണിക്കൂർ സമയപരിധി ഇന്ന് അവസാനിക്കും. കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ സമരപ്പന്തൽ സ്ഥാപിച്ച് സമരം ചെയ്യുന്നത് ഹൈക്കോടതി നിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നലെയാണ് സമരസമിതി കൺവീനർ വളർമതിക്ക് കണ്ടോൺമെന്റ് എസ്.എച്ച്.ഒ നോട്ടീസ് നൽകിയത്. നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനുള്ളിൽ സമരപ്പന്തലും അനുബന്ധ സംവിധാനങ്ങളും നീക്കം ചെയ്യണമെന്നായിരുന്നു നിർദേശം.എന്നാൽ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ഉദ്യോഗാർത്ഥികൾ. സമരപ്പന്തൽ നീക്കം ചെയ്താലും പ്രതിഷേധം തുടരുമെന്ന് സമരസമിതി കൺവീനർ വളർമതി വ്യക്തമാക്കി.