കഴുത്തിൽ കിടക്കുന്നത് സ്വർണമാലയാണെന്ന് കരുതി യുവതിയെ തലക്ക് വെട്ടി മുക്കുപണ്ടം കവർന്ന ബംഗാൾ സ്വദേശി ചാവക്കാട് പൊലീസിന്റെ പിടിയിൽ...പശ്ചിമ ബംഗാൾ നോർത്ത് പർഗാനാസ് ജില്ലയിലെ ബരാസത് നോപ്പാറ സ്വദേശി 47 വയസ്സുള്ള ഗൗതം പാലാണ് ചാവക്കാട് ഇൻസ്പെക്ടർ എം.കെ രമേശിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിൻ്റെ പിടിയിലായത്.
ഒക്ടോബർ 29ന് വൈകീട്ട് പാലയൂർ ജനസേവന കേന്ദ്രത്തിലെ വനിത ജീവനക്കാരിയായ പുന്നയൂർക്കുളം ചെറായി സ്വദേശിനി രജനി പ്രജീഷിനേയാണ് പ്രതി മാരകായുധം കൊണ്ട് തലയ്ക്കുവെട്ടിയത്..ഉച്ചയോടെ സ്ഥാപനത്തിലെത്തിയ പ്രതി ചാവക്കാട്ടേക്കുള്ള വഴി ചോദിച്ചു. പിന്നീട് 50 രൂപയും ആവശ്യപ്പെട്ടു. എന്നാൽ രജനി പണം നൽകാതെ തിരിച്ചയച്ചു. പിന്നീട് നാലുമണിയോടെ വീണ്ടും സ്ഥാപനത്തിലെത്തിയ പ്രതി കയ്യിൽ കരുതിയ മാരകായുധം ഉപയോഗിച്ച് രജനിയുടെ തലക്ക് വെട്ടി.
അപ്രതീക്ഷിത ആക്രമണത്തിൽ സ്ഥാപനത്തിനുള്ളിൽ തളർന്നുവീണ രജനിയുടെ മാലയും വളയും പ്രതി ഊരിയെടുത്തു. വീണു കിടന്ന രജനിയുടെ തലക്ക് വീണ്ടും അടിച്ചു പരിക്കേൽപ്പിച്ചശേഷം പ്രതി രക്ഷപ്പെടുകയും ചെയ്തു വൈകിട്ട് 7 മണിയായിട്ടും സ്ഥാപനം തുറന്നു കിടക്കുന്നത് കണ്ട് സ്ഥാപന ഉടമ സ്ഥലത്തെത്തിയപ്പോഴാണ് രജനി രക്തത്തിൽ കുളിച്ചു കിടക്കുന്നത് കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി രജനിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
സ്ഥാപനത്തിൻ്റെ പരിസരപ്രദേശങ്ങളിൽ നിരീക്ഷണ ക്യാമറകൾ ഇല്ലാതിരുന്നതിനാൽ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു. എന്നാൽ, മറ്റു പ്രദേശങ്ങളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച ശേഷം പൊലീസ് സംഘം നടത്തിയ മികവുറ്റ അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായകമായത്. പ്രതി ചാവക്കാട് മേഖലയിൽ 15 വർഷത്തിലധികമായി താമസിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.