കോഴിക്കോട് മുക്കത്ത് അപൂര്‍വ രോഗമായ എസ്.എം.എ ബാധിച്ച കുഞ്ഞുങ്ങളുടെയും രോഗികളുടെയും പേരില്‍ ചാരിറ്റബിള്‍ ട്രസ്റ്റ് വഴി ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. മാമ്പറ്റയില്‍ പ്രവര്‍ത്തിക്കുന്ന 'ശ്രീലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റ്' ചെയര്‍മാന്‍ നൈസാമിന് എതിരെയാണ് പരാതി. അതേസമയം,കമ്മിറ്റിയിലെ അംഗത്തിന്റെ അനുമതിയോടെയാണ് ഇത്തരത്തില്‍ ധനശേഖരണം നടത്തിയതെന്നാണ് നൈസാം പറയുന്നത്.
കഴിഞ്ഞ മൂന്ന് മാസമായി ക്യാന്‍സര്‍ രോഗികള്‍, കിടപ്പുരോഗികള്‍, ഭവനരഹിതര്‍ എന്നിവരുടെ പേരില്‍ ജീവനക്കാരെ നിരത്തിലിറക്കി ഇയാള്‍ പത്ത് ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് ആരോപണം. ട്രസ്റ്റിന്റെ അക്കൗണ്ടിന് പകരം സ്വന്തം ഉമ്മയുടെ പേരിലുള്ള ഗൂഗിള്‍ പേ ക്യു.ആര്‍ കോഡാണ് പണം വാങ്ങാനായി നൈസാം നല്‍കിയത്. പിരിച്ചെടുത്ത ഒരു ലക്ഷത്തിലധികം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് സഹായസമിതി ഭാരവാഹികള്‍ ആരോപിക്കുന്നത്.
ഇന്റര്‍വ്യൂ വഴിയാണ് തിരുവമ്പാടി, മുക്കം ഭാഗങ്ങളിലെ ഒമ്പതോളം ജീവനക്കാരെ നൈസാം ജോലിക്കെടുത്തത്. മൂന്ന് മാസമായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയില്ലെന്നും പരാതിയുണ്ട്. പിരിച്ചെടുക്കുന്ന പണത്തിന്റെ കണക്ക് ചോദിച്ചവരെ ജോലിയില്‍ നിന്ന് പുറത്താക്കുകയാണ് രീതിയെന്നും ആരോപണം.
അതേസമയം, ട്രസ്റ്റ് പൂര്‍ണമായും നിയമവിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കമ്മിറ്റിയിലെ ഒരംഗത്തിന്റെ അനുമതിയോടെയാണ് ഇത്തരത്തില്‍ ധനശേഖരണം നടത്തിയതെന്നും നൈസാം പറയുന്നു . കണക്ക് കൃത്യമായി ലഭിക്കുന്നതിന് വേണ്ടിയാണ് ക്യു ആര്‍ കോഡ് തങ്ങളുടേത് നല്‍കിയതെന്നും ഏത് വിധത്തിലുള്ള അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും നൈസാം പറഞ്ഞു .നിലവില്‍ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.