വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് ഇന്ന് ചരിത്രനിമിഷം. തുറമുഖത്ത് ആയിരം കപ്പലുകൾ ബർത്ത് ചെയ്തെന്ന സുവർണ്ണ നേട്ടമാണ് വിഴിഞ്ഞം ഇന്ന് സ്വന്തമാക്കാൻ പോകുന്നത്. ഇതിന്റെ ഭാഗമായി മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനിയുടെ (MSC) ഭീമൻ മദർഷിപ്പായ ‘എം.എസ്.സി ലൂസിയാന’ (MSC Luciana) ഇന്ന് വൈകിട്ടോടെ വിഴിഞ്ഞത്ത് നങ്കൂരമിടും.
തുറമുഖത്ത് ആദ്യ കപ്പൽ എത്തി രണ്ട് വർഷം തികയുന്നതിന് മുൻപാണ് വിഴിഞ്ഞം ഈ നിർണായക നാഴികക്കല്ല് പിന്നിടുന്നത്. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് എം.എസ്.സി ലൂസിയാന വിഴിഞ്ഞം തുറമുഖത്ത് ബർത്ത് ചെയ്യുക. 2024 ജൂൺ 11-നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ചത്. തുറമുഖത്തെത്തിയ ആദ്യ കപ്പലായ ‘സാൻ ഫെർണാണ്ടോ’ വിഴിഞ്ഞത്ത് നങ്കൂരമിട്ടിട്ട് ഇന്ന് 713 ദിവസം തികയുന്ന വേളയിലാണ് ആയിരമമത് കപ്പലിന്റെ വരവ് എന്നതും ശ്രദ്ധേയമാണ്.
ദക്ഷിണേന്ത്യൻ തുറമുഖങ്ങളിലെ ചരക്കുനീക്കത്തിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് വിഴിഞ്ഞം തുറമുഖം. ഇതിനോടകം തന്നെ ഇന്ത്യൻ തീരങ്ങളിൽ മുൻപൊരിക്കലും അടുക്കാത്ത ഭീമൻ കപ്പലുകളായ ‘എം.എസ്.സി ഇറിന’ (MSC Irina) ഉൾപ്പെടെയുള്ളവ വിഴിഞ്ഞത്ത് വിജയകരമായി അടുപ്പിച്ചിട്ടുണ്ട്. പുതിയ നേട്ടത്തോടെ ആഗോള ചരക്കുനീക്ക ഭൂപടത്തിൽ വിഴിഞ്ഞത്തിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കപ്പെടുകയാണ്.