Share this Article
News Malayalam 24x7
ഡ്രൈവർക്ക് ടിപ്പർ ലോറി ഓടിക്കാനുളള ലൈസൻസ് ഇല്ല; ടിപ്പറിന്റെ ഫിറ്റ്‌നസ് റദ്ദാക്കി
MVD Cancels Tipper Lorry Fitness After Driver Found Without Heavy License

നീലേശ്വരത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ടിപ്പർ ലോറി അപകടത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. അപകടമുണ്ടാക്കിയ ടിപ്പർ ലോറി ഓടിച്ചിരുന്ന ഡ്രൈവർ നിസാമിന് ഹെവി വാഹനം ഓടിക്കാനുള്ള ലൈസൻസ് ഇല്ലായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി. നിയമ ലംഘനം വ്യക്തമായതോടെ അപകടമുണ്ടാക്കിയ ടിപ്പറിന്റെ ഫിറ്റ്നസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.

ഗൾഫിൽ നിന്നും ഒരു മാസം മുൻപാണ് ഡ്രൈവർ നിസാം നാട്ടിലെത്തിയത്. ഹെവി ലൈസൻസ് ഇല്ലാതിരുന്നിട്ടും ഇയാൾ അമിതമായി മണ്ണ് കയറ്റിയ ലോറി അമിതവേഗതയിൽ ഓടിക്കുകയായിരുന്നു. അപകടസമയത്ത് ലോറിയുടെ ജി.പി.എസ് സംവിധാനം മനഃപൂർവം ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.


അപകടത്തിൽപ്പെട്ട ടിപ്പർ ലോറിക്ക് 17 വർഷത്തെ പഴക്കമുണ്ട്. ലോറിയുടെ ടയറുകൾ ഉൾപ്പെടെ വളരെ മോശം അവസ്ഥയിലായിരുന്നിട്ടും കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഈ വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ചതിൽ ദുരൂഹതയുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്. ഫിറ്റ്നസ് നൽകിയതിൽ എന്തെങ്കിലും തരത്തിലുള്ള ക്രമക്കേടുകളോ അട്ടിമറിയോ നടന്നിട്ടുണ്ടോ എന്ന് കർശനമായി അന്വേഷിക്കുമെന്ന് ഗതാഗത കമ്മീഷണർ സി.എച്ച് നാഗരാജു വ്യക്തമാക്കി.


ചൊവ്വാഴ്ച രാവിലെ ഏഴരയോടെയുണ്ടായ അപകടത്തിൽ ട്യൂട്ടോറിയൽ അധ്യാപകനായ ഹരിലാൽ (54), കെ.എസ്.ആർ.ടി.സി മെക്കാനിക്ക് അജയകുമാർ (45), പത്താം ക്ലാസ് വിദ്യാർത്ഥി പാർത്ഥിവ് (15) എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റ നാല് വിദ്യാർത്ഥികളും ഡ്രൈവർ നിസാമും ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിൽ ഒരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories