തൃശ്ശൂർ ഡി.ഇ.ഓ (DEO) ഓഫീസിലേക്ക് എ.ഐ.വൈ.എഫ്, എ.ഐ.എസ്.എഫ് സംഘടനകൾ സംയുക്തമായി നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയിൽ നിന്നും ചളി കലർന്ന മലിനജലമാണ് പ്രയോഗിച്ചതെന്ന് ആരോപിച്ച് പ്രവർത്തകർ രംഗത്തെത്തി.
കേന്ദ്ര പദ്ധതിയായ 'പിഎം ശ്രീ' പദ്ധതിയിൽ നിന്നും കേരള സർക്കാർ പിന്മാറണം എന്നാവശ്യപ്പെട്ടും, കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിയമസഭാ മാർച്ചിന് നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചുമാണ് വിദ്യാർത്ഥി-യുവജന സംഘടനകൾ മാർച്ച് സംഘടിപ്പിച്ചത്. സിപിഐ തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് പാലസ് റോഡിലെ ഡി.ഇ.ഓ ഓഫീസിന് സമീപം വെച്ച് പോലീസ് ബാരിക്കേഡ് ഉയർത്തി തടയുകയായിരുന്നു.
ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ട് പോകാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയിൽ നിന്നും പുറത്തേക്ക് വന്നത് കറുത്ത ചളി വെള്ളമാണെന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടന്ന സമരത്തിന് നേരെയും സമാനമായ രീതിയിൽ മലിനജലം ഉപയോഗിച്ചതായി പ്രതിപക്ഷം സഭയിൽ ആരോപിച്ചിരുന്നു. സമരക്കാരെ അടിച്ചമർത്താനും ബുദ്ധിമുട്ടിക്കാനുമായി പൊലീസ് മനഃപൂർവം ചളി വെള്ളം നിറച്ച് പ്രയോഗിക്കുകയാണെന്ന് എ.ഐ.വൈ.എഫ് ആരോപിച്ചു. ദൃശ്യങ്ങളിലും ചളി വെള്ളമാണ് പുറത്തേക്ക് വരുന്നതെന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനാണ് സംഘടനകളുടെ തീരുമാനം.