Share this Article
News Malayalam 24x7
കോഴിക്കോട് നല്ലളത്ത് വാഹനാപകടത്തില്‍ മരണം നാലായി
Nallalam Accident Update

ല്ലളം മോഡേൺ ബസാറിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി ഉയർന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന ഫറോക്ക് കോളേജ് സ്വദേശി ശ്യാംലാൽ ആണ് ഏറ്റവും ഒടുവിൽ മരണപ്പെട്ടത്. ഇന്ന് പുലർച്ചെ 3:25-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്.

രാമനാട്ടുകര സ്വദേശികളായ ദിനിൽ, അജീഷ്, ഫറോക്ക് സ്വദേശി വിമൽ എന്നിവർ അപകടസ്ഥലത്തുതന്നെ മരണപ്പെട്ടിരുന്നു. ശ്യാംലാൽ കൂടി മരിച്ചതോടെ അപകടത്തിന്റെ വ്യാപ്തി വർദ്ധിച്ചു. പരിക്കേറ്റ പന്തീരാങ്കാവ് കുടൽ നടക്കാവ് സ്വദേശി വിജിൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ നിലയും അതീവ ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.



കോഴിക്കോട് ബീച്ച് ഭാഗത്ത് മൊബൈൽ ടവർ നിർമ്മാണ പ്രവൃത്തി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാക്കൾ സഞ്ചരിച്ചിരുന്ന പോളോ കാർ. ബീച്ചിൽ നിന്നും ഫറോക്ക് ഭാഗത്തേക്ക് വരികയായിരുന്ന കാർ, മലപ്പുറത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബെൻസ് ലോറിയിൽ ഇടിക്കുകയായിരുന്നു. നല്ലളം ഡിസൽ പ്ലാന്റിന് സമീപം വെച്ച് നിയന്ത്രണം വിട്ട കാർ ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു.


അപകടം നടന്ന ഉടനെ തന്നെ നാട്ടുകാർ ഓടിയെത്തി ഒരാളെ കാറിൽ നിന്നും പുറത്തെടുത്തിരുന്നു. എന്നാൽ മറ്റുള്ളവർ കാറിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. തുടർന്ന് മീഞ്ചന്തയിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടറുകൾ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് ബാക്കിയുള്ളവരെ പുറത്തെടുത്തത്. പുറത്തെടുക്കുമ്പോഴേക്കും മൂന്നുപേർ മരണപ്പെട്ടിരുന്നു.


സംഭവത്തിൽ നല്ലളം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതവേഗതയാണോ അതോ ഡ്രൈവർ ഉറങ്ങിപ്പോയതാണോ അപകടകാരണമെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. യുവാക്കളുടെ അപ്രതീക്ഷിത വിയോഗം ഫറോക്ക്, രാമനാട്ടുകര മേഖലകളെ കണ്ണീരിലാഴ്ത്തി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories