കൊച്ചി: എറണാകുളം തിരുവാങ്കുളത്തിനു സമീപമുള്ള ശാസ്താംമുകളിലെ പാറമടയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇൻസ്റ്റാഗ്രാം സുഹൃത്തായ കൊറിയൻ യുവാവിന്റെ മരണത്തിൽ ഉണ്ടായ വിഷാദം മൂലമാണ് താൻ ജീവനൊടുക്കുന്നതെന്ന് പെൺകുട്ടിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. തിരുവാങ്കുളം മാമലയിലെ കക്കാട് കിണറ്റിങ്കൽ വീട്ടിൽ മഹേഷിന്റെ മകൾ ആദിത്യയാണ് മരിച്ചത്. സ്‌കൂളിൽ പോകുന്നുവെന്ന് പറഞ്ഞ് ഇന്ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയ പെൺകുട്ടിയെ മണിക്കൂറുകൾക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
വീടിനടുത്തുള്ള ക്വാറിക്ക് സമീപമുള്ള കുളത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ശാസ്താംമുകളിലെ പാറമടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്കൂൾ ബാഗ് കണ്ട ഓട്ടോറിക്ഷ ഡ്രൈവർ പോലീസിനെ അറിയിച്ചു. നാട്ടുകാരും പോലീസും സംശയം പ്രകടിപ്പിച്ച് തിരയാൻ തുടങ്ങിയപ്പോൾ പാറമടക്കുള്ളിലെ വെള്ളത്തിൽ മൃതദേഹം കണ്ടെത്തി. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഒരു കൊറിയൻ യുവാവിന്റെ മരണത്തിൽ വിഷാദത്തിലായതിനാലാണ് താൻ ആത്മഹത്യ ചെയ്തതെന്ന് പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോൾ ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. "19 ന് ഒരു യുവാവ് മരിച്ചു, അദ്ദേഹത്തിന്റെ മരണത്തിൽ മനംനൊന്ത് ഞാൻ ആത്മഹത്യ ചെയ്യുന്നു" എന്ന കുറിപ്പിൽ പറയുന്നു. ചോറ്റാനിക്കര പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവാവ് യഥാർത്ഥത്തിൽ മരിച്ചതാണോ എന്നും പെൺകുട്ടിയുടെ മരണത്തിലേക്ക് നയിച്ചത് എന്താണെന്നും പോലീസ് അന്വേഷിക്കും. പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നും അവർ അന്വേഷിക്കുന്നുണ്ട്. ആദിത്യയുടെ ഫോൺ ഉൾപ്പെടെയുള്ള വസ്തുക്കൾ പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു.